Kerala
Kerala Veterinary and Animal Sciences University
Kerala

വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ ദുരൂഹ മരണം: മുഖ്യപ്രതി അഖിൽ അറസ്റ്റിൽ

Web Desk
|
29 Feb 2024 6:59 AM GMT

സസ്​പെൻഡ് ചെയ്ത വിദ്യാർഥികളെ സംഘടനയിൽനിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ

കൽപറ്റ: വയനാട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ മുഖ്യപ്രതി കെ. അഖിൽ അറസ്റ്റിൽ. ഒന്നാം വർഷ വിദ്യാർഥിയായ ഇയാളാണ് കുറ്റവിചാരണയും ആക്രമണവും ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളിൽ 11 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് സൂചനയുണ്ട്.

ബി.വി.എസ്.സി രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥന് ക്രൂരമർദനം നേരിടേണ്ടിവന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദ്ദിച്ചെന്നും ആരോപണമുണ്ടായിരുന്നു.

കേസിൽ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കം ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി തടഞ്ഞുവെക്കൽ, സംഘം ചേർന്ന് മർദിക്കൽ, മാരകായുങ്ങളുപയോഗിച്ച് പരിക്കേൽപിക്കൽ എന്നീ വകുപ്പുകൾക്കൊപ്പം റാഗിങ് നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യും കോ​ള​ജ് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റും അ​ട​ക്കം 12 വി​ദ്യാ​ർ​ഥി​ക​ളെ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഇ​വ​രെ പ്ര​തി​ക​ളാ​ക്കി പി​ന്നീ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

വിദ്യാർഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോളജിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. എം.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെ സംഘടനയിൽനിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. ആക്രമണം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts