Kerala
ഔഡി കാർ പിന്തുടർന്നു; പാർട്ടി നടന്ന ഹോട്ടലുടമ ഒളിവിൽ-മോഡലുകളുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു
Kerala

ഔഡി കാർ പിന്തുടർന്നു; പാർട്ടി നടന്ന ഹോട്ടലുടമ ഒളിവിൽ-മോഡലുകളുടെ മരണത്തിൽ ദുരൂഹത വർധിക്കുന്നു

Web Desk
|
13 Nov 2021 1:23 PM GMT

ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡി കാറാണ് അൻസി കബീറിന്റെ കാറിനെ പിന്തുടർന്നത്. ഔഡി കാർ ഓടിച്ചിരുന്ന ഡ്രൈവർ സൈജുവിനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാർ മരത്തിലിടിച്ച് മിസ് സൗത്ത് ഇന്ത്യയും മുൻ മിസ് കേരളയുമായ അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ് അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ച കേസിലാണ് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ കാര്യങ്ങൾ സങ്കീർണമായത്.




ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു ഔഡി കാർ ചെയ്‌സ് ചെയ്തിരുന്നുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള ഇവരുടെ ഡ്രൈവർ അബ്ദു റഹ്‌മാന്റെ മൊഴി. ഔഡി കാറിന്റെ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. മത്സരയോട്ടം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡി കാറാണ് അൻസി കബീറിന്റെ കാറിനെ പിന്തുടർന്നത്. ഔഡി കാർ ഓടിച്ചിരുന്ന ഡ്രൈവർ സൈജുവിനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറി നിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് നമ്പർ 18 ഹോട്ടൽ ഉടമ റോയി ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.




ഏത് സാഹചര്യത്തിലാണ് ഹോട്ടലിൽ നിന്നും ഔഡി കാർ അൻസിയുടെ കാറിനെ പിന്തുടർന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തിൽ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കുണ്ടന്നൂരിൽ വെച്ച് ഔഡി കാറിലുണ്ടായിരുന്നവർ അൻസിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടുമെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിൽ നിന്നും ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നുമാണ് ഔഡി കാർ ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ മുതൽ അപകട സ്ഥലംവരെ അൻസിയുടെ കാറിനെ പിന്തുടർന്നതായുള്ള വിവരം ലഭിച്ചത്.




അപകടമരണത്തിനു മുമ്പ് ഇവർ പങ്കെടുത്ത ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഹോട്ടൽ ജീവനക്കാരനെ ചോദ്യം ചെയ്‌തെങ്കിലും പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഹോട്ടൽ ഉടമയുടെ കയ്യിലാണെന്നാണ് അയാൾ പൊലീസിനോട് പറഞ്ഞത്. ഹോട്ടലുടമയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിട്ടില്ല. ഹോട്ടലുടമ ഒളവിൽ പോയതായാണ് വിവരം.

Similar Posts