എ.കെ.ജി സെൻറർ ആക്രമണം: ചെയ്തത് വീരപ്പനോ റിപ്പർ ചന്ദ്രനോ ആയിരിക്കുമെന്ന് എൻ.എ നെല്ലിക്കുന്ന്
|രാത്രികാലത്തെ സംഭവങ്ങളിൽ പ്രതിയെ പിടികൂടാൻ സമയം എടുക്കുമെന്നാണ് കൊടിയേരി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു
തിരുവനന്തപുരം: 12 ദിവസമായിട്ടും എ.കെ.ജി സെൻറർ ആക്രമണ കേസിലെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് എൻ.എ നെല്ലിക്കുന്ന് എം.എല്‍.എ നിയമസഭയിൽ. വീരപ്പനോ റിപ്പർ ചന്ദ്രനോ ആയിരിക്കും ചെയ്തതെന്നും രാത്രികാലത്തെ സംഭവങ്ങളിൽ പ്രതിയെ പിടികൂടാൻ സമയം എടുക്കുമെന്നാണ് കൊടിയേരി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന സബ് മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി.രാജീവ് ഉന്നയിച്ച ക്രമപ്രശ്നം അംഗീകരിച്ചാണ് തീരുമാനം . ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ സബ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്തിയിരിന്നു. എന്നാൽ സബ്മിഷനിലേക്ക് കടക്കും മുൻപ് മന്ത്രി പി.രാജീവ് ക്രമ പ്രശ്നം ഉന്നയിച്ചു. എന്നാൽ സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണ് താൻ ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ നാടകം കളിക്കുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.