സർക്കാരിന്റെ മതേതരത്വ ബോധം വെറും കാപട്യം: നജ്മ തബ്ഷീറ
|സ്റ്റുഡന്റ് പൊലീസ് യൂണിഫോമിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്
എസ്.പി.സി യൂണിഫോമിൽ ഹിജാബ് അനുവദിക്കാനാവില്ലെന്ന സർക്കാർ ഉത്തരവിനെതിരെ പ്രതികരണവുമായി എം.എസ്.എഫ് ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ. രാജ്യത്ത് മറ്റ് മതന്യൂനപക്ഷങ്ങൾക്ക് പൊലീസ് സേനയിലടക്കം മതചിഹ്നങ്ങളുള്ള യൂണിഫോം ധരിക്കാൻ അനുമതിയുണ്ടായിരിക്കെ ഇപ്പോൾ കേരള സർക്കാർ കാണിക്കുന്ന ഈ മതേതരത്വബോധം വെറും കാപട്യവും അവകാശലംഘനവുമാണെന്ന് നജ്മ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
'ഹിജാബ് ധരിച്ചുകൊണ്ട് പോലീസ് യൂണിഫോം ധരിക്കുന്നത് അന്തസ്സിലായ്മയും, 'മതേതരത്വത്തിന്' കളങ്കം വരുത്തുന്നതുമാണ് എന്ന് ഗവൺമന്റ് പറയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.' നജ്മ തബ്ഷീറ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യഭ്യാസത്തിന്റെ ഭാഗമായുള്ള നിർബന്ധിത സർവീസ് അല്ലെന്നും,അതിനാൽ തന്നെ SPC യൂണിഫോമിന്റെ 'അന്തസ്സ്' ഉയർത്തിപ്പിടിക്കാൻ സാധ്യമാവുന്നവർ മാത്രം ഇതിൽ ഭാഗമായാൽ മതിയെന്നുമാണ് ഗവൺമന്റ് ഉത്തരവ്. കുറ്റ്യാടിയിലെ വിദ്യാർത്ഥിനി റിസ നഹാൻ നൽകിയ അപേക്ഷയിന്മേലാണു ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.ഗുരുതരമായ അവകാശ ലംഘനമാണിത്. ഹിജാബ് ധരിച്ചുകൊണ്ട് പോലീസ് യൂണിഫോം ധരിക്കുന്നത് അന്തസ്സിലായ്മയും, 'മതേതരത്വത്തിന്' കളങ്കം വരുത്തുന്നതുമാണ് എന്ന് ഗവൺമന്റ് പറയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ മറ്റു മതന്യൂനപക്ഷങ്ങൾക്ക് പോലീസ് സേനയിലടക്കം മതചിഹ്നങ്ങളുള്ള യൂണിഫോം ധരിക്കാൻ അനുമതിയുണ്ടായിരിക്കെ ഇപ്പോൾ കേരള സർക്കാർ കാണിക്കുന്ന ഈ മതേതരത്വബോധം വെറും കാപട്യവും അവകാശലംഘനവുമാണ്.
അതേസമയം, സ്റ്റുഡന്റ് പൊലീസ് യൂണിഫോമിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എസ്.പി.സി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി നൽകിയ പരാതിയിലാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. മതപരമായ വസ്ത്രങ്ങൾ മതേതര നിലപാടുകൾക്ക് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
കോഴിക്കോട് കുറ്റ്യാടി ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സ്റ്റുഡന്റ് പൊലീസ് യൂണിഫോമിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹിജാബും ഫുൾസ്ലീവുള്ള വസ്ത്രവും എസ്.പി.സി യൂണിഫോമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥിയുടെ ഹരജി. ജസ്റ്റിസ് വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഈ ഹരജി നേരത്തെ തന്നെ തള്ളുകയും പരാതിക്കാരിയായ വിദ്യാർത്ഥിയോട് സർക്കാരിനെ സമീപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.