കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു; തർക്കം നിലനിൽക്കുന്ന ഭൂമിയായതിനാലെന്ന് ഉദ്യോഗസ്ഥർ
|വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്ക് റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് നൽകുകയാണെന്ന് നഞ്ചിയമ്മ
പാലക്കാട്: ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ തടയല്‍ നിയമപ്രകാരമുള്ള (ടി.എല്‍.എ) കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തടഞ്ഞു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്നാണ് വിശദീകരണം. എന്നാല്‍ വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്ക് റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് നൽകുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു.
അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍ പി.എ. ഷാനവാസ് ഖാന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും അഗളി പൊലീസുമാണ് തടഞ്ഞത്. നിലവില്‍ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു.
അഗളിയിലെ നാല് ഏക്കര്‍ ഭൂമി ഉഴുതു കൃഷിയിറക്കാന്‍ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. പ്രശ്നം 19നു ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പില്‍ കൃഷിയിറക്കുന്നതു മാറ്റിവച്ചതായി നഞ്ചിയമ്മ അറിയിച്ചു.