നരബലി കേസ്; പ്രതികളുടെ ചോദ്യംചെയ്യൽ ഇന്നും തുടരും
|കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കയറും വാങ്ങിയ ഇലന്തൂരിലെ കടയിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്
കൊച്ചി: നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യൽ പൂർത്തിയാകുന്ന മുറക്ക് പ്രതികളെ ഇലന്തൂരിൽ എത്തിച്ച് വീണ്ടും തെളിവെടുക്കും . കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കയറും വാങ്ങിയ ഇലന്തൂരിലെ കടയിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്. മുഖ്യപ്രതി ഷാഫിയുടെ കൊച്ചിയിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.
കഴിഞ്ഞ ദിവസം ഷാഫിയെ അന്വേഷണസംഘം വീണ്ടും കൊച്ചിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാഫിയും പത്മവും ആദ്യം കണ്ടുമുട്ടിയ ദിവസത്തെ റൂട്ട് മാപ്പ് പുനരാവിഷ്കരിച്ച പൊലീസ് നരബലി നടത്തിയത് അവയവമാറ്റത്തിനാണെന്ന വാദം പൂർണമായും തള്ളി. ഷാഫി കൂട്ടു പ്രതികളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് നിഗമനം.
പത്മയെ കാണാതായ സെപ്റ്റംബർ 26 ലെ ഷാഫിയുടെ സഞ്ചാര പാതയിലേക്ക് പ്രതിയെ ഇറക്കിയായിരുന്നു പൊലീസിന്റെ തെളിവെടുപ്പ്. പത്മയെ ആദ്യം കണ്ടുമുട്ടിയത് ചിറ്റൂർ റോഡിലെ കൃഷ്ണ ആശുപത്രിക്ക് സമീപം രാവിലെ 9.15നാണെന്നാണ് പ്രതി അറിയിച്ചിരിക്കുന്നത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി.സ്കോർപിയോ കാറുമായി 9 25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി.
കൃഷ്ണ ആശുപത്രിക്ക് സമീപം കാത്തുനിന്ന പത്മയെ ഇവിടെ വെച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത് കൊലപാതകം നടന്ന ദിവസത്തെ കൊച്ചിയിലെ യാത്രയാണ് പ്രതിയുമായി പോലീസ് പുനരാവിഷ്കരിച്ചത്. ഇതോടെ പത്മതിരോധാന കേസിലെ ഷാഫിയുമായുള്ള കൊച്ചിയിലെ തെളിവെടുപ്പ് അവസാനഘട്ടത്തിലായി.