'നാര്‍ക്കോട്ടിക് ജിഹാദ്'; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം
|ഭരണ-പ്രതിപക്ഷ നേതാക്കള്‍ കരുതലോടെ പ്രതികരിച്ചപ്പോള്‍, ബിഷപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താവാണോയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു.
പാലാ ബിഷപ്പിന്‍റെ വിദ്വേഷ പരാമാർശത്തെത്തുടർന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം. ക്രൈസ്തവർക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഭരണ-പ്രതിപക്ഷ നേതാക്കള്‍ കരുതലോടെ പ്രതികരിച്ചപ്പോള്‍, ബിഷപ്പിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താവാണോയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചോദിച്ചു.
ബിഷപ്പ് ഉയര്‍ത്തിയത് ക്രൈസ്തവരുടെ ആശങ്കയാണെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പി ശ്രമം. അതിനൊപ്പം നിലകൊള്ളുന്നത് തങ്ങളാണെന്ന് കൂടി വരുത്താനുള്ള നീക്കവും ബി.ജെ.പി തുടങ്ങി. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷങ്ങള്‍ ബിഷപ്പിനെതിരാണെന്ന വാദം ഉയര്‍ത്തി ഒരു വിഭാഗത്തിന്‍റെ പിന്തുണ നേടിയെടുക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. അതാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ പ്രതികരണത്തിന്‍റെ ആകെത്തുകയും.
ക്രിസ്ത്യന്‍ മുസ്‍ലിം വിഭാഗീയത സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നിലപാട്. ഒപ്പം ബിഷപ്പ് ഹൌസിലേക്ക് മാര്‍ച്ച് നടത്തിയ നടപടിയെ തള്ളി കൊണ്ട് സംഘപരിവാര്‍ അജണ്ടയില്‍ വീണ് പോകരുതെന്ന് ഇരു വിഭാഗത്തേയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. വേര്‍തിരിപ്പ് ഉണ്ടാക്കുന്നതാണ് ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശമെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു. ആ നിലപാടിനെ പിന്തുണച്ച് സ്പീക്കറും രംഗത്ത് വന്നു. അതേസമയം 'നാര്‍ക്കോട്ടിക് ജിഹാദ്' ചര്‍ച്ചയില്‍ നിന്ന് തന്നെ വഴി മാറി നടക്കാനാണ് മുസ്‍ലിം ലീഗ് തീരുമാനം