നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി; വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ആദ്യ പരിപാടി
|ബിജെപിയുടെ പദയാത്ര സമാപന ചടങ്ങിൽ പങ്കെടുക്കും
തിരുവനന്തപുരം: വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രിയെത്തിയത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പരിപാടികളുണ്ട്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തി(വി.എസ്.എസ്.സി) ലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ഇന്ത്യയിൽ നിന്ന് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്ന ഗഗൻയാൻ ദൗത്യസംഘത്തിന്റെ പേരുവിവരങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചേക്കും. മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെ പേരും അദ്ദേഹം പ്രഖ്യാപിച്ചേക്കും. ഇതിൽ ഒരു മലയാളിയുമുണ്ടെന്ന് റിപ്പോർട്ട്.
ഇന്ത്യൻ വ്യോമസേനയിൽനിന്ന് തിരഞ്ഞെടുത്ത നാല് ഫൈറ്റർ പൈലറ്റുമാരാണ് ഗഗൻയാൻ ദൗത്യത്തിനായി ഇന്ത്യയിലും വിദേശത്തും പരിശീലനത്തിലേർപ്പെട്ടിട്ടുള്ളത്. ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എൽ.വി ഇന്റഗ്രേഷൻ ഫെസിലിറ്റി, മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ പുതിയ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും, തിരുവനന്തപുരം വി.എസ്.എസ്.സിയിൽ ട്രൈസോണിക് വിൻഡ് ടണൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകുകയായിരുന്നു. അവിടെയുള്ള പരിപാടികൾക്ക് ശേഷം ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബി.ജെ.പി പദയാത്രയുടെ സമാപന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. സമ്മേളനത്തിൽ പിസി ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ലയിക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്രതിരിക്കും. നാളെ ഉച്ചയ്ക്ക് 1.10 ന് തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15-ന് മഹാരാഷ്ട്രയിലേക്ക് പോകും.