പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; ഒരു ലക്ഷം യുവാക്കളുമായി സംവദിക്കും
|വൈകിട്ട് 7 മണിക്ക് ക്രൈസ്തവ മതമേലധ്യക്ഷൻ മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലും തിരുവനന്തപുരത്തുമായി വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകിട്ട് 7 മണിക്ക് ക്രൈസ്തവ മതമേലധ്യക്ഷൻ മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് നാല് മണിക്ക് വെല്ലിങ്ടൺ ഐലൻ്റിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോ ആയാണ് യുവം യൂത്ത് കോൺക്ലേവ് നടക്കുന്ന തേവര സേക്രട്ട്ഹാർട്ട് കോളജിലെത്തുക. വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെ 1.8 കിലോമീറ്ററർ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. യുവം കോൺക്ലേവിൽ ഒരു ലക്ഷം യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കും.
യുവം കോൺക്ലേവിന് ശേഷം 7 മണിക്ക് താജ് ഗേറ്റ് വേ ഹോട്ടലിൽ തിരികെ എത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. സിറോ മലബാർ സഭ, മലങ്കര സഭ, ലത്തീൻ സഭ, യാക്കോബായ ഓർത്തഡോക്സ് അടക്കമുള്ള 8 സഭകളുടെ അധ്യക്ഷന്മാരെയാണ് പ്രധാനമന്ത്രി കാണുക. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി നഗരത്തിലും റൂററിലും ഗതാഗത നിയന്ത്രണമുണ്ട്. പ്രധാനമന്ത്രിയുടെ സുരയ്ക്കായി 2060 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരതിൻ്റെയും വാട്ടർ മെട്രോയുടെയും ഉദ്ഘാടനം നിർവഹിക്കും.