'കൈകാലുകൾ ബന്ധിപ്പിച്ച് വായിൽ പ്ലാസ്റ്ററിട്ട് മൂടി'; ഇലന്തൂരിൽ മറ്റൊരു സ്ത്രീയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
|ഇലന്തൂരിലെ വീട്ടിൽ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വിൽപ്പനക്കാരിയേയും അപായപ്പെടുത്താൻ ശ്രമിച്ചതായാണ് വിവരം. കെട്ടിയിടാൻ ശ്രമിക്കുന്നതിനിടെ ലോട്ടറി വിൽപനക്കാരി ഓടി രക്ഷപ്പെടുകയായിരുന്നു.
പത്തനംതിട്ട: ഇലന്തൂരിൽ നരബലി നടത്തിയ പ്രതികൾ നേരത്തെയും പല സ്ത്രീകളെയും വലയിലാക്കാൻ ശ്രമിച്ചിരുന്നതായി പൊലീസിന്റെ കണ്ടെത്തൽ. ഇലന്തൂരിലെ വീട്ടിൽ ജോലിക്കെത്തിയ യുവതിയേയും മറ്റൊരു ലോട്ടറി വിൽപ്പനക്കാരിയേയും അപായപ്പെടുത്താൻ ശ്രമിച്ചതായാണ് വിവരം. കെട്ടിയിടാൻ ശ്രമിക്കുന്നതിനിടെ ലോട്ടറി വിൽപനക്കാരി ഓടി രക്ഷപ്പെടുകയായിരുന്നു.
ലോട്ടറി വിൽപനക്കാരിയായ ഓമനയെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവറാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വൈദ്യർക്ക് മരുന്നിടിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോയതെന്നും പിന്നീട് കൈകാലുകൾ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ഓമന തന്നോട് പറഞ്ഞതെന്നും ഓട്ടോ ഡ്രൈവറായ ഹാഷിം പറഞ്ഞു.
ഓമന ഫോണിൽ വിളിച്ചതിനെ തുടർന്നാണ് താൻ അവിടെയെത്തിയത്. വീട്ടിലെത്തിയപ്പോൾ ഒരു നൈറ്റി ധരിച്ചാണ് ഓമന ഇറങ്ങിവന്നത്. വണ്ടിയിൽവെച്ചാണ് തന്നെ ആക്രമിച്ച കാര്യം ഓമന പറഞ്ഞത്. പൊലീസിൽ പരാതി നൽകാമെന്ന് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. ഒരു സ്ത്രീക്ക് മാനനഷ്ടമുണ്ടാവുന്ന സംഭവമാണെന്ന് കരുതിയാണ് താൻ ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും ഹാഷിം പറഞ്ഞു.