'പാഠ്യപദ്ധതി പരിഷ്‌കരണം പരിഷത്തുകാർ വിദഗ്ദമായി പാസാക്കിയെടുക്കും'; പി.ടി.എ യോഗങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് സമസ്ത നേതാവ്
|ജൻഡർ ന്യൂട്രാലിറ്റി, LGBTQI + ,യുക്തിവാദം, സമയമാറ്റം തുടങ്ങിയവ ഒളിച്ചു കടത്താനുള്ള അജണ്ട തിരിച്ചറിഞ്ഞ് വിയോജിപ്പ് പറഞ്ഞില്ലെങ്കിൽ നമ്മുടെ കൂടി അംഗീകാരത്തോടെയാണ് പുരോഗമന നാട്യക്കാർ അപ്പം ചുട്ടെടുക്കുകയെന്ന് നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: സംസ്ഥാന സ്‌കൂളുകളിൽ നടപ്പാക്കുന്ന പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരട് രേഖ സർക്കാർ ചർച്ചക്ക് വെച്ചിരിക്കെ സ്‌കൂൾ പി.ടി.എ യോഗങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. സർക്കാർ പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി പരിഷ്‌കരണ കരട് രേഖ നവമ്പർ 30 വരെ ചർച്ചക്ക് വെച്ചിരിക്കുകയാണെന്നും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്‌കൂൾ പിടിഎ യോഗങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്തുകാർ ഉൾപ്പെടെയുള്ളവർ അത് വിദഗ്ദമായി അവതരിപ്പിച്ച് കുറഞ്ഞ സമയത്തിനകം പാസാക്കിയെടുക്കുന്ന രീതിയാണ് അവലംബിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ജൻഡർ ന്യൂട്രാലിറ്റി, LGBTQI + ,യുക്തിവാദം, സമയമാറ്റം തുടങ്ങിയ നേരത്തെ വിവാദമായ പലതും വരികൾക്കിടയിലൂടെ ഒളിച്ചു കടത്താനുള്ള പൊളിറ്റിക്‌സ് അജണ്ട തിരിച്ചറിഞ്ഞ് പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ ഇടപെടണമെന്നും വിയോജിപ്പ് അവിടെ പറഞ്ഞില്ലെങ്കിൽ നമ്മുടെ കൂടി അംഗീകാരത്തോടെയാണ് പുരോഗമന നാട്യക്കാർ അപ്പം ചുട്ടെടുക്കുകയെന്ന് തിരിച്ചറിയണമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
രക്ഷിതാക്കൾക്ക് തികഞ്ഞ ജാഗ്രതയില്ലെങ്കിൽ ജൻഡർ ന്യൂട്രാലിറ്റിയും മതവിരുദ്ധതയും രക്ഷിതാക്കളുടെ സമ്മതി ലേബളിൽ ഒളിച്ച് കടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. നേരത്തെ വിമർശിക്കപ്പെട്ടിരുന്ന ജൻഡർ ആശയങ്ങളും ലിംഗസമത്വവുമൊക്കെ പല ഭാഗത്തായി വർണ്ണക്കടലാസിൽ പൊതിഞ്ഞ് വെച്ചിരിക്കുകയാണ് 116 പേജുള്ള പുതിയ 'ചട്ടക്കൂടി'ലെന്നും നാസർ ഫൈസി കുറ്റപ്പെടുത്തി. പിടിഎ യോഗത്തിൽ പങ്കെടുക്കുന്നത് കാര്യബോധമുള്ള പുരുഷന്മാരോ സ്ത്രീകളോ ആകണമെന്നും അദ്ദേഹം നിർദേശിച്ചു.
പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരട് രേഖയിലെ വിവിധ പ്രശ്‌നങ്ങൾ നാസർ ഫൈസി ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി:-
- നേരെത്തെ പാഠ്യപദ്ധതി കരട് രേഖയിലും കുടുംബശ്രീ കൈപ്പുസ്തകത്തിലും പറഞ്ഞിരുന്ന ലിംഗസമത്വം എന്നത് ഒഴിവാക്കി ലിംഗനീതി എന്നാക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും പുതിയ രേഖയിലും ലിംഗസമത്വം ഉടനീളമുണ്ട്. ലിംഗസമത്വത്തെ കുറിച്ച് അംശങ്ങൾ വലിയ തോതിൽ ഉണ്ടാകണമെന്ന് പറയുന്നു (പേജ് 10, 16, 20, 22, 23, 69,71,79,80, 81)
- സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കുന്ന , സ്വവർഗ്ഗ ലൈംഗികതയും പ്രണയവും പ്രോത്സാഹിപ്പിക്കുന്ന ജൻഡർ ന്യൂട്രാലിറ്റിയുടെ LGBTQI + എന്ന ആശയധാരയിലേക്ക് പ്രേരിപ്പിക്കുന്ന ഭാഗങ്ങളാണ് പല ഭാഗത്തുമുള്ളത് (ഉദാ:- സ്‌കൂൾ പാo പുസ്തകങ്ങൾ, പഠനബോധന രീതികൾ, സ്‌കൂൾ കാമ്പസ്, കളിസ്ഥലം എന്നിവ ജൻഡർ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്. പേജ്: 20),
- ജൻഡർ അഥവാ ലിംഗഭേദം സാമൂഹിക നിർമ്മിതിയാണ് (പേജ്: 79)
- അഥവാ സ്ത്രീ-പുരുഷ സങ്കൽപം സമൂഹം നിർമ്മിച്ചുണ്ടാക്കിയതാണ് അതിനാൽ ജന്മനാ യുള്ള ലിംഗത്തിൽ നിന്ന് ക്രമേണ മാറാമെന്ന ബോധം കുട്ടികളിൽ വളർത്തുകയാണ്.
- ജെൻഡർ സെൻസിറ്റീവ്, ജെൻഡർ സ്‌പെക്ടർ (പേ: 18) എന്ന വാക്കുകളെ കുറിച്ച് വ്യക്ത വേണ്ടതുണ്ട്.
- സർഗ്ഗാത്മകത പോലെ തന്നെ കുട്ടികളിൽ യുക്തിചിന്തയും വളർത്തണം (പേ: 16, 23, 69) എന്ന് പറയുന്നു.
Samasta Kerala Jamiatul Qutbaba General Secretary Nasar Faizi has urged parents to be cautious in school PTA meetings while the government is discussing the draft of the new curriculum reform to be implemented in state schools.