സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ നിലപാടുകളോട് യോജിപ്പില്ലെന്ന് നാസർ ഫൈസി കൂടത്തായി
|ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തി സി.പി.എം സെമിനാറിൽനിന്ന് മാറിനിൽക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചതും സമസ്തക്കത്ത് ചർച്ചയായിട്ടുണ്ട്.
കോഴിക്കോട്: സി.പി.എമ്മിന്റെ ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കുമ്പോഴും വിയോജിപ്പുകൾ വ്യക്തമാക്കി സമസ്ത. സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ നിലാടുകളോട് യോജിപ്പില്ലെന്ന് സമസ്ത യുവജനവിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. . കോഴിക്കോട്ടെ സി.പി.എം സെമിനാറിൽ കോൺഗ്രസിനെ മാറ്റിനിർത്തിയത് ശരിയായില്ലെന്നും നാസർ ഫൈസി മീഡിയവണിനോട് പറഞ്ഞു.
കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന ഏകസിവിൽ കോഡിനെതിരെ നിലപാടെടുത്തത് കൊണ്ടാണ് സി.പി.എം പരിപാടികളോട് സഹകരിക്കുന്നതെന്ന് സമസ്തയുടെ വിശദീകരിക്കുന്നു. സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ നിലപാടുകളോട് യോജിക്കുന്നുവെന്ന് അതിനർഥമില്ല. വ്യക്തിനിയമം പരിഷ്‌കരിക്കേണ്ടതാണെന്ന സി.പി.എം നേതാക്കൾ ആവർത്തിക്കുന്നതിലും സമസ്ത നേതാക്കൾക്ക് വിയോജിപ്പുണ്ട്
കോൺഗ്രസിനെ മാറ്റിനിർത്തി ഏകസിവിൽകോഡ് പ്രക്ഷോഭവുമായി മുന്നോട്ടു പോകാനുള്ള സി.പി.എമ്മിന്റെ തീരുമാനത്തെയും നാസർ ഫൈസി ചോദ്യം ചെയ്യുന്നു. കേരളത്തിന് പുറത്തും പാർലമെന്റിലും സി.പി.എമ്മിന് ഏക സിവിൽകോഡ് വിഷയം ഉന്നയിക്കുന്നതിൽ പരിമിതിയുണ്ട്. കോൺഗ്രസിനാണ് ദേശീയതലത്തിൽ വിഷയം ശക്തമായി ഉന്നയിക്കാനാവുക. കോൺഗ്രസിനെ മാറ്റിനിർത്തി ഏക സിവിൽകോഡ് വിഷയത്തിൽ മുന്നോട്ട് പോകാനാവില്ലെന്നും നാസർ ഫൈസി പറഞ്ഞു. ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന് വിലയിരുത്തി സി.പി.എം സെമിനാറിൽനിന്ന് മാറിനിൽക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചതും സമസ്തക്കത്ത് ചർച്ചയായിട്ടുണ്ട്.