'പോർച്ചുഗലിനെ പരാമർശിച്ചത് സിംമ്പൽ മാത്രം'; എൻ.എസ് മാധവന്റെ ലേഖനം ഉയർത്തിപ്പിടിച്ച് നാസർ ഫൈസിയുടെ വിശദീകരണം
|എല്ലാ രാജ്യത്തോടും താരത്തോടും ഈ വിഷയത്തിൽ സമദൂരം മാത്രമാണുള്ളതെന്നും നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: ഫുട്‌ബോൾ ലഹരിയാകരുതെന്നും പോർച്ചുഗൽ പതാക കെട്ടുന്നത് ശരിയല്ലെന്നുമുള്ള വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വിശദീകരണവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. എഴുത്തുകാരൻ എൻ.എസ് മാധവന്റെ ലേഖനം ഉയർത്തിപ്പിടിച്ചാണ് അദ്ദേഹത്തിന്റെ വിശദീകരണം. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖതീബുമാർക്ക് നൽകിയ പ്രസംഗനോട്ടിൽ പോർച്ചുഗലിനെ പരാമർശിച്ചത് സിമ്പൽ മാത്രമാണെന്നും എല്ലാ രാജ്യത്തോടും താരത്തോടും ഈ വിഷയത്തിൽ സമദൂരം മാത്രമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
''പരിധിക്കകത്ത് ഒതുങ്ങാതെ അമിതമാവരുതെന്ന് മാത്രം. പെരുന്നാളാഘോഷത്തിൽ പോലും ഇത് പള്ളികളിൽ പറയുന്നുണ്ട്. ആഘോഷം അതിര് വിടരുത്, അത്രമാത്രം.'' നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു
കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വലുതാണെന്നും ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പരാമർശം.
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ല. ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. കളി കാണുന്നവർ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം കാണേണ്ടത്. ഫുട്ബാൾ ഇഷ്ടപ്പെടുന്നവർക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താൽപര്യം ഉണ്ടാവുക സ്വാഭാവികമാണ്. ആ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും അവരുടെ ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. തെരുവുകളിലും കുഗ്രാമങ്ങളിൽ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ അധിനിവേശം നടത്തിയ ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധരാജ്യങ്ങളേയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തിൽ പറഞ്ഞു.
ലക്ഷങ്ങൾ ചെലവഴിച്ച് വലിയ കട്ടൗട്ടുകൾ ഉയർത്തുന്നതിനെയും ധൂർത്തിനെയുമാണ് എതിർക്കുന്നതെന്ന് നാസർ ഫൈസി കൂടത്തായി പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. രോഗികൾ കഷ്ടപ്പെടുന്ന നാട്ടിൽ, വീടില്ലാതെ ഒരുപാട് പേർ കഷ്ടപ്പെടുന്ന നാട്ടിൽ സമ്പത്ത് ചെലവഴിക്കേണ്ടത് ഇത്തരം കാര്യങ്ങൾക്കല്ലെന്ന ബോധവത്കരണമാണ് നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:-
കളി കഴിഞ്ഞാലും നാമിവിടെ ജീവിക്കണം.അതിരുവിടരുതെന്ന് ഇന്ന് (25/11/22) എം.എസ്.മാധവൻ മലയാള മനോരമയിലെ എഡിറ്റോറിയൽ പേജിൽ.
സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖതീബുമാർക്ക് നൽകിയ പ്രസംഗനോട്ടിൽ പോർച്ചുഗലിനെ പരാമർശിച്ചത് ഒരു സിമ്പൽ മാത്രമാണ്. എല്ലാ രാജ്യത്തോടും താരത്തോടും ഈ വിഷയത്തിൽ സമദൂരം മാത്രമാണ്. പരിധിക്കകത്ത് ഒതുങ്ങാതെ അമിതമാവരുതെന്ന് മാത്രം. പെരുന്നാളാഘോഷത്തിൽ പോലും ഇത് പള്ളികളിൽ പറയുന്നുണ്ട്. ആഘോഷം അതിര് വിടരുത്. അത്രമാത്രം.