Kerala
Harita tribunal fine kochi
Kerala

ഹരിത ട്രൈബ്യൂണലിന്റെ പിഴ: കൊച്ചി കോർപറേഷനിൽ ഭിക്ഷയെടുത്ത് പ്രതിപക്ഷ പ്രതിഷേധം

Web Desk
|
18 March 2023 10:19 AM GMT

കൗൺസിലർമാർ ചട്ടിയുമായി ജനങ്ങളിൽ നിന്ന് ഭിക്ഷ തേടി

കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ചുമത്തിയതിന് പിന്നാലെ കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം . ഭിക്ഷയെടുത്താണ് കൗൺസിലർമാർ പ്രതിഷേധിച്ചത്. ഭരണപക്ഷത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് ട്രൈബ്യൂണൽ പിഴ ചുമത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു .

കൗൺസിലർമാർ ചട്ടിയുമായി ജനങ്ങളിൽ നിന്ന് ഭിക്ഷ തേടി. പിരിച്ചെടുത്ത പണം കോർപറേഷൻ സെക്രട്ടറിക്ക് നൽകി പ്രതിഷേധമറിയിച്ചു. 100 കോടിയുടെ ബാധ്യത വരുത്തിവച്ച കൗൺസിൽ പിരിച്ച് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നൂറ് കോടി രൂപയാണ് ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് ദേശീയ ട്രൈബ്യൂണൽ ചുമത്തിയത്.കോർപറേഷൻ പിഴ തുക ചീഫ് സെക്രട്ടറിക്ക് അടയ്ക്കണം. സംസ്ഥാന സർക്കാറിനും കോർപറേഷനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ട്രൈബൂണൽ വ്യക്തമാക്കി.

തുക തീപ്പിടുത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്നാണ് ദേശീയ ഹരിത ട്രൈബൂണലിന്റെ നിർദേശം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വലിയ വീഴ്ചകൾ ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ച് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ ഹരിത ട്രൈബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാലിന്യ ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിലാണെന്ന് കണ്ടെത്തി. ബയോ മൈനിങിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം പ്ലാന്റിലെ പലഭാഗങ്ങളിലായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പ്ലാന്റ് മികച്ച രീതിയിൽ പ്രവർത്തനക്ഷമമാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണുമായി കലർന്നതായി കണ്ടെത്തിട്ടുണ്ട്. ഖരമാലിന്യത്തിന്റെ 100 ശതമാനവും വേർതിരിവ് ഉറവിടത്തിൽ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമാണെന്നാണ് റിപ്പോർട്ട്. കൊച്ചി കോർപ്പറേഷൻ 22 ഹെൽത്ത് സർക്കിൾ തലത്തിലും എം.സി.എഫു.കൾ സ്ഥാപിക്കണം. അജൈവമാലിന്യങ്ങൾ വേർതിരിച്ച് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കൈമാറണം. അഗ്നിശമന വകുപ്പ് നിർദേശിച്ച പ്രകാരം നിലവിലുള്ള ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാക്കുകയും കൂടുതൽ അഗ്നിശമന ക്രമീകരണങ്ങൾ എർപ്പെടുത്തുകയും വേണം. സൈറ്റിൽ നൽകിയിട്ടുള്ള സി.സി.ടി.വി ക്യാമറകൾ പ്രവർത്തനക്ഷമമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

അതേസമയം ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ സാമൂഹ്യപ്രത്യാഘാതങ്ങളിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്തെത്തി. സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ബ്രഹ്മപുരത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും ദേശീയ ഹരിത ട്രിബ്യുണൽ ചൂണ്ടിക്കാട്ടി. വീഴ്ച ആവർത്തിച്ചാൽ 500 കോടി പിഴ ഈടാക്കുമെന്നും സർക്കാറിന് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം.

ബ്രഹ്മപുരം തീപിടിത്തത്തിൽ മാർച്ച് ആറിന് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് സംസ്ഥാന സർക്കാരിനെതിരെ ഹരിത ട്രിബ്യുണൽ വിമർശനമുന്നയിച്ചത്. ബ്രഹ്മപുരത്തെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ നിയന്ത്രണ വിധേയമായെന്നും സംസ്ഥാന സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ രൂക്ഷ വിമർശനം.

Similar Posts