ദേശീയപാതാ വികസനം; സർക്കാർ സ്കൂൾ പ്രതിസന്ധിയിൽ, അടച്ചുപൂട്ടലിന്റെ വക്കിൽ
|പുതിയ സ്ഥലം ഏറ്റെടുത്ത് സ്കൂൾ മാറ്റി സ്ഥാപിക്കണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
കൊച്ചി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങൾ മൂലം പ്രതിസന്ധിയിലായി ഒരു സർക്കാർ വിദ്യാലയം. എറണാകുളം പറവൂരിലെ മൂത്തക്കുന്നം എൽ.പി സ്കൂളാണ് സുരക്ഷ ഭീഷണിയെ തുടർന്ന് അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. പുതിയ സ്ഥലം ഏറ്റെടുത്ത് സ്കൂൾ മാറ്റി സ്ഥാപിക്കണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
120ലധികം കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് പറവൂരിലെ മൂത്തക്കുന്നം എൽ.പി സ്കൂൾ. 60 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലിരുന്നാണ് കൊച്ചു കുട്ടികൾ പഠിക്കുന്നത്. സ്കൂളിനോട് ചേർന്നുള്ള സ്ഥലത്ത് ദേശീയപാതാ വികസനത്തിന്റ ഭാഗമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. 60 വർഷം പഴക്കമുള്ള കെട്ടിടത്തിന് സമീപം പൈലിങ് അടക്കമുള്ള പ്രവർത്തനങ്ങളാണ് ഇനി നടക്കാൻ പോകുന്നത്.
നിർമാണ പ്രവർത്തനങ്ങൾ കെട്ടിടത്തിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് രക്ഷിതാക്കളും പറയുന്നു. കുട്ടികളുടെ സുരക്ഷയും ഇവരെ ആശങ്കയിലാക്കുന്നു. സ്കൂൾ കെട്ടിടത്തിനായി ഒരു കോടി 23 ലക്ഷം രൂപ നാഷണൽ ഹൈവേ അതോറിറ്റി കൈമാറിയിട്ടുണ്ട്. എന്നാൽ തുടർ പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല. പുതിയ സ്കൂൾ കെട്ടിടത്തിനായി വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.