Kerala
എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണയിൽ ദേശീയ നേതാക്കളും ഡി.എം.കെയും പങ്കെടുക്കും
Kerala

എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണയിൽ ദേശീയ നേതാക്കളും ഡി.എം.കെയും പങ്കെടുക്കും

Web Desk
|
5 Nov 2022 3:16 PM GMT

ഗവർണർക്കതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സീതാറാം യെച്ചൂരി മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എൽ.ഡി.എഫിന്റെ രാജ്ഭവൻ ധർണ്ണയിൽ ഡി.എം.കെയും പങ്കെടുക്കും. ഈ മാസം 15 ന് നടക്കുന്ന ധർണ്ണയിൽ പങ്കെടുക്കാനായി ഡി.എം.കെ നേതാവ് തിരുച്ചിശിവം തിരുവനന്തപുരത്തെത്തും. ഗവർണർ ആർ.എൻ രവിയുമായി തർക്കം തുടരുന്ന തമിഴ്‌നാട് സർക്കാറിനെ കൂടി ഉൾപ്പെടുത്തി പ്രക്ഷോഭം വിപുലീകരിക്കാനാണ് സിപിഎം സംസ്ഥാന സമിതി തീരുമാനം.

ഗവർണർക്കെതിരായ പ്രക്ഷോഭം ദേശീയ തലത്തിലടക്കം ചർച്ചയാകണമെന്ന ലക്ഷ്യത്തോടെയാണ് സിപിഎമ്മിന്റെ നീക്കം. തമിഴ്‌നാട് ഗവർണറെ നീക്കണമെന്ന ആവശ്യം സ്റ്റാലിൻ സർക്കാരും മുന്നോട്ട് വെച്ചിരുന്നു. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന് സർക്കാർ നിവേദനവും നൽകിയിരുന്നു. അതിനിടെയാണ് കേരളത്തിൽ 15ാം തിയതി സംഘടിപ്പിക്കപ്പെടുന്ന രാജ്ഭവൻ ധർണയിലേക്ക് ഡി.എം.കെ രാജ്യസഭാംഗത്തെ കൂടി സിപിഎം ക്ഷണിച്ചത്. രാജ്ഭവൻ ധർണ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഗവർണർക്കെതിരെ രൂക്ഷമായ വിമർശനമാണുയർന്നത്.

ഗവർണർക്കതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സീതാറാം യെച്ചൂരി മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഗവർണർക്കെതിരായ നിലപാടാണ് തങ്ങൾക്കുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. സമാനമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്തുണ തേടാനും സിപിഎം തീരുമാനിക്കുകയുണ്ടായി. ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികളുടെ കൂടി പിന്തുണ തേടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം സിപിഎം സംസ്ഥാനകമ്മിറ്റിയിൽ ശക്തമായിരിക്കുകയാണ്. സർവകലാശാലകളിലെ പ്രതിസന്ധി മറികടക്കാൻ ചാൻസലറെ നീക്കുന്നത് അനിവാര്യമാണെന്നാണ് അംഗങ്ങളുടെ നിലപാട്. ഓർഡിനൻസ് വേണമോ ബിൽ വേണമോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. ചാൻസലർ പദവി ഉപയോഗിച്ചാണ് കേരളത്തിലെ സർവ്വകലാശാലകളിൽ ഗവർണർ അമിതമായി ഇടപെടുന്നതെന്നാണ് സിപിഎം വിലയിരുത്തുന്നത്. ചാൻസലർ പ്രതിനിധികളെ സെനറ്റിൽ നിന്ന് പിൻവലിക്കുകയും,സർവ്വകലാശാല വിസിമാരോട് രാജി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സിപിഎം നിലപാട് കടുപ്പിക്കാൻ തീരുമാനിച്ചത്.

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുകയാണെങ്കിൽ വരും കാലങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രതിസന്ധികൾ മറികടക്കാൻ കഴിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നിരിന്നു. സംസ്ഥാനകമ്മിറ്റിയിലും സമാനമായ വികാരം തന്നെയാണ് ഉയർന്ന് വന്നത്. സംസ്ഥാനകമ്മിറ്റിയുടെ അനുമതി കിട്ടിയാൽ അത് എൽഡിഎഫിൽ കൂടി ചർച്ച നടത്തി ചാൻസർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നിയമം കൊണ്ട് വരും. ഓർഡിനൻസ് കൊണ്ട് വന്ന ശേഷം ഗവർണർ അതിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭ സമ്മേളനം വിളിച്ച് ബിൽ കൊണ്ട് വരാനായിരിക്കും തീരുമാനിക്കുക. ബിൽ കൊണ്ട് വന്നാലും ഗവർണർ അതിൽ ഒപ്പിട്ടാൽ മാത്രമേ നിയമമാകൂ എന്ന പ്രതിസന്ധിയും സർക്കാരിന് മുന്നിലുണ്ട്. എന്തായാലും ഗവർണർ വിഷയത്തിൽ ഒരു വിട്ട് വീഴ്ചയും വേണ്ടെന്നാണ് പാർട്ടി തീരുമാനം

Similar Posts