മീഡിയവണ്‍ വിധി: കരുത്തുറ്റ മുഖപ്രസംഗവുമായി മാധ്യമങ്ങള്‍
|ടൈംസ് ഓഫ് ഇന്ത്യ, ദ സ്റ്റേറ്റ്സ്മാന്,ഇന്ത്യന്‍ എക്സപ്രസ് , മാതൃഭൂമി,ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങളാണ് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മുഖപ്രസംഗം എഴുതിയിരിക്കുന്നത്
കോഴിക്കോട്: മീഡിയവണിന്റെ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രിം കോടതി ഉത്തരവില്‍ മുഖപ്രസംഗവുമായി വിവിധ മാധ്യമങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യ, ദ സ്റ്റേറ്റ്സ്മാന്,ഇന്ത്യന്‍ എക്സപ്രസ് , മാതൃഭൂമി,ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങളാണ് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
അസ്വാരസ്യമുളവാക്കുന്ന ഒരു പ്രവണതയെ അടയാളപ്പെടുത്തുന്നതാണ് ഈ വിധി: ഇന്ത്യന്‍ എക്സ്പ്രസ്
മീഡിയവൺ കേസിലെ സുപ്രിം കോടതി വിധി അങ്ങേയറ്റം സ്വാഗതാർഹമാണ്. അസ്വാരസ്യമുളവാക്കുന്ന ഒരു പ്രവണതയെ അടയാളപ്പെടുത്തുന്നതാണ് ഈ വിധി –"നിയമം അനുശാസിക്കുന്ന പല പരിരക്ഷകളും പൗരൻമാർക്ക് നിഷേധിക്കുവാൻ ദേശീയ സുരക്ഷയെ ഒരു ഉപാധിയാക്കി സ്റ്റേറ്റ് ഉപയോഗിക്കുകയാണ്. ഇത് നീതിന്യായവ്യവസ്ഥക്ക് നിരക്കുന്നതല്ല"
ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ സുശക്തമായ പ്രവർത്തനത്തിന് ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് രാജ്യത്തെ പരമോന്നത കോടതി അടിവരയിടുന്നത് നല്ലതാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയം മുതൽ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ വരെയുള്ള വിഷയങ്ങളിൽ ഏകീകൃത വീക്ഷണത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. അത് ജനാധിപത്യത്തിന് ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍, മറ്റു പലതിലും എന്ന പോലെ, സുപ്രിംകോടതി കൂടുതൽ സുതാര്യതക്കും കൂടുതൽ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടു. അതില്ലാതെ നീതിയും ജനാധിപത്യവും അപൂർണമാണ്.
ഏകപക്ഷീയമായ നടപടികളിൽ നിന്ന് മാധ്യമങ്ങളെ സംരക്ഷിക്കുന്ന വിധി: ദ ഹിന്ദു
മലയാളം ചാനലായ മീഡിയവണിന് സംപ്രേഷണാനുമതി നിഷേധിച്ച സുപ്രീം കോടതി വിധി ഏകപക്ഷീയമായ നടപടികളിൽ നിന്ന് മാധ്യമങ്ങളെ സംരക്ഷിക്കുകയും ഒരു മാധ്യമസ്ഥാപനം അടച്ചുപൂട്ടാനായി വ്യാജമായി ദേശീയ സുരക്ഷാ കാരണങ്ങള്‍ ഉപയോഗിക്കുന്നത് തടയുകയും ചെയ്യുന്ന ഒന്നാണ്. മുദ്രവച്ച കവര്‍ നടപടിക്രമം സ്വഭാവിക നീതി നിഷേധിക്കുന്നു എന്ന സുപ്രിംകോടതിയുടെ അഭിപ്രായ പ്രകടനം വിധിയുടെ ഒരു സുപ്രധാന വശമാണ്. സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ചതിന്റെ കാരണം എന്താണെന്ന് കേരള ഹൈക്കോടതി വെളിപ്പെടുത്താത്തതിലും സുപ്രിം കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി: ടൈംസ് ഓഫ് ഇന്ത്യ
മീഡിയവണ്‍ കേസില്‍ സുപ്രിം കോടതി സുപ്രധാനമായ ഇടപെടലാണ് നടത്തിയത്. ആർട്ടിക്കിൾ 19 പ്രകാരം ഉറപ്പുനൽകിയിട്ടുള്ള മാധ്യമ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുകയും അതേസമയം ഈ അവകാശത്തിന്മേലുള്ള നിയന്ത്രണം ന്യായമാണോ എന്ന് നിർണയിക്കാൻ ഒരു കൂട്ടം പരിശോധനകൾ നടത്തുകയും ചെയ്തു.മുദ്ര വച്ച കവറില്‍ രേഖകള്‍ സമര്പ്പിക്കുന്നതിനെതിരെയുള്ള കോടതിയുടെ നിലപാടാണ് ഏറ്റവും പ്രസക്തം. പല സംസ്ഥാനങ്ങളും മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സുപ്രിം കോടതി വിധി നിർണായകവും വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജനാധിപത്യത്തിന് കരുത്തേകുന്ന വിധി: മാതൃഭൂമി
നിയമ വ്യവസ്ഥയെക്കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്ന വിധിയാണിത്. മാധ്യമ സ്വാതന്ത്ര്യുവും പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വിധി. രാജ്യത്തിന്റെയും ജനതയുടെയും വിജയമായി ഈ വിധി മാറുന്നതും അതുകൊണ്ടാണ്.ജനാധിപത്യ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും അസന്നിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ട് പരമോന്നത നീതിപീഠം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ്, ഇരുള് മൂടുന്ന കാലത്തെ വെളിച്ചമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ച മീഡിയവണ്‍ ചാനലിനു നീതി ലഭിച്ചു എന്നതിനപ്പുറം വര്‍ത്തമാനകാല ഇന്ത്യയില്‍ വലിയ മാനങ്ങളാണ് ഈ വിധിക്കുള്ളത്. രാജ്യദ്രോഹക്കുറ്റം മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പ്രയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടുകൊണ്ടുള്ള വിഝിയാണ് സുപ്രിംകോടതി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ജനാധിപത്യ ഇന്ത്യയുടെ ,ഭരണഘടനയുടെ വിജയം: ദേശാഭിമാനി
മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്ന മോദി സർക്കാരിനെതിരെയുള്ള രൂക്ഷ വിമർശമാണ് 133 പേജ് വരുന്ന വിധിന്യായമെന്ന് വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. ദേശസുരക്ഷയുടെ പേര് പറഞ്ഞ് പൗരാവകാശങ്ങൾ നിഷേധിക്കാൻ സ്റ്റേറ്റിന് അധികാരമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുകയാണ്.സർക്കാർ നയത്തെ വിമർശിക്കുന്നത് ഭരണകൂടവിരുദ്ധതയായി കാണാനാകില്ലെന്ന ശരിയായ നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായി. സർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കലാണെന്ന ആഖ്യാനം ബിജെപിയും ആർഎസ്എസും നിരന്തരമായി മുന്നോട്ടുവയ്ക്കുന്ന ഘട്ടത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം.
കോടതി വിധിയിൽ ഏറെ ശ്രദ്ധേമായ മറ്റൊരു കാര്യം ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്ര പദ്ധതിയെത്തന്നെ തുറന്നെതിർക്കാൻ സുപ്രീംകോടതി തയ്യാറായെന്ന കാര്യമാണ്. ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ എന്ന ആശയപദ്ധതിയാണ് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ വാദികൾ മുന്നോട്ടുവയ്ക്കുന്നത്. ഈ ആശയപദ്ധതി ജനാധിപത്യ സങ്കൽപ്പത്തിന് അപകടമാണെന്ന വ്യക്തമായ മുന്നറിയിപ്പും കോടതി നൽകി. നയങ്ങളിലും രാഷ്ട്രീയ ആദർശങ്ങളിലും ഏകമുഖ കാഴ്ചപ്പാട് ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഈ വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മറ്റൊരർഥത്തിൽ നാനാത്വത്തിലുള്ള ഏകത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സത്തയെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് കോടതി ചെയ്യുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിനുള്ള അംഗീകാരം: ജനയുഗം
അഭിപ്രായ സ്വാതന്ത്ര്യത്തെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിലങ്ങണിയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയുമാണ് സുപ്രീം കോടതിയുടെ ഈ വിധിപ്രസ്താവം.സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തി എന്നതുകൊണ്ടു മാത്രം ഒരു ചാനല്‍ രാജ്യത്തെ സംവിധാനത്തിന് എതിരാണെന്ന് വിലയിരുത്താനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളികളാണ് നിലനില്‍ക്കുന്നത്. ഒന്നുകില്‍ മോഡി സ്തുതിഗീതങ്ങള്‍ ആലപിക്കുക, അല്ലെങ്കില്‍ വേട്ടയാടലുകള്‍ക്ക് വിധേയമാകുക എന്ന അത്യന്തം അപകടകരമായ സാഹചര്യമാണ് ഒമ്പതുവര്‍ഷത്തോളമായി നിലവിലുള്ള ബിജെപി ഭരണകാലത്ത് സംജാതമായിട്ടുള്ളത്. നിരവധി മാധ്യമങ്ങള്‍ സ്തുതിപാഠകരായി മാറി. അല്ലാത്തവര്‍ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. എത്രയോ മാധ്യമ പ്രവര്‍ത്തകര്‍ ജയിലുകളിലും കേസുകളിലുമാണ്. ഈയൊരു പശ്ചാത്തലത്തില്‍ മീഡിയവണ്‍ വിലക്കിനെതിരെ സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്ന വിധിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ജനാധിപത്യത്തെയും ഭരണഘടനയെയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് ഈ വിധി പ്രചോദനം നല്കുമെന്നുറപ്പാണ്.
സുതാര്യമാകണം കോടതി നടപടികള്‍: സിറാജ്
സര്‍ക്കാര്‍ രേഖകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും വിമര്‍ശം. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ എന്താണെന്നറിയാനുള്ള ഹരജിക്കാരുടെ അവകാശം ഹനിക്കുന്നതാണ് മുദ്രവെച്ച കവര്‍ സമ്പ്രദായം. ഇത് സാമാന്യ നീതി തത്ത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് മീഡിയാ വണ്‍ ചാനലിന്റെ വിലക്ക് നീക്കിക്കൊണ്ടുള്ള വിധിപ്രസ്താവത്തിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഒരു കേസില്‍ തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും തെളിവുകളും അറിയാന്‍ കക്ഷിക്ക് അവകാശമുണ്ട്. എങ്കില്‍ മാത്രമേ തന്റെ ഭാഗം ഫലപ്രദമായി അവതരിപ്പിക്കാനും മറുഭാഗത്തിന്റെ വാദഗതികളെ പ്രതിരോധിക്കാനും സാധിക്കുകയുള്ളൂ. മാത്രമല്ല, രേഖകള്‍ രഹസ്യമാക്കുന്നത് ജുഡീഷ്യറിയില്‍ അതാര്യവും രഹസ്യാത്മകവുമായ ഒരു സംസ്കാരം വളര്‍ന്നു വരാനും ഇടയാക്കുന്നു. കോടതി നടപടികള്‍ ന്യായമാണെന്ന് ജുഡീഷ്യറിക്കകത്തുള്ളവര്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ ജുഡീഷ്യറിയെക്കുറിച്ചുള്ള വിശ്വാസവും മതിപ്പും നഷ്ടമാകും.