ദേശീയ മെഡിക്കൽ കമ്മീഷൻ മാനദണ്ഡങ്ങൾ പാലിച്ചില്ല; മെഡിക്കൽ കോളജുകൾക്കെതിരെ നടപടി
|നിലവിൽ രാജ്യത്ത് 654 മെഡിക്കൽ കോളേജുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ചില മാനദണ്ഡങ്ങൾ ദേശീയ മെഡിക്കൽ കൗൺസിൽ മുന്നോട്ടു വെച്ചത്
ന്യൂഡല്‍ഹി: ദേശീയ മെഡിക്കൽ കമ്മീഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജുകൾക്കെതിരെ നടപടി. തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ്, അസം തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ നൂറിലേറെ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടപ്പെടും. കഴിഞ്ഞ രണ്ടു മാസത്തിനിടെ 40 മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം നഷ്ടമായത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 100 മുതൽ 150 വരെ മെഡിക്കൽ കോളേജുകൾക്കുകൂടി ഈ നടപടി നേരിടേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ്, അസം ആന്ധ്രാപ്രദേശ്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകൾക്കാണ് നടപടി നേരിടേണ്ടിവരിക. സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാത്തതും ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് സംവിധാനങ്ങളില്ലാത്തതുമുൾപ്പെടെയുള്ള കാര്യങ്ങളാണ് ദേശീയ മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നിലവിൽ രാജ്യത്ത് 654 മെഡിക്കൽ കോളേജുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ചില മാനദണ്ഡങ്ങൾ ദേശീയ മെഡിക്കൽ കൗൺസിൽ മുന്നോട്ടു വെച്ചത്. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളേജുകൾക്കെതിരെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.