Kerala
ഡയസ്‌നോൺ വകവെക്കാതെ ജീവനക്കാർ; സെക്രട്ടേറിയറ്റിൽ ഇന്ന് ഹാജരായത് 176 പേർ മാത്രം
Kerala

ഡയസ്‌നോൺ വകവെക്കാതെ ജീവനക്കാർ; സെക്രട്ടേറിയറ്റിൽ ഇന്ന് ഹാജരായത് 176 പേർ മാത്രം

Web Desk
|
29 March 2022 5:39 AM GMT

സെക്രട്ടേറിയറ്റിൽ പണിമുടക്ക് പൂർണമാണെന്നും ഡയസ്‌നോൺ മുമ്പും നേരിട്ടിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാംദിനത്തില്‍ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കുറവ്. 4824 ജീവനക്കാരിൽ 176 പേർ മാത്രമെ സെക്രട്ടേറിയറ്റിൽ ഹാജരായിട്ടുള്ളു. ഡയസ്നോൺ വകവെക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അശോക് കുമാർ പറഞ്ഞു. സെക്രട്ടേറിയറ്റിൽ പണിമുടക്ക് പൂർണമാണ്. ഡയസ്നോൺ മുമ്പും നേരിട്ടിട്ടുണ്ടെന്നും അശോക് കുമാർ മീഡിയവണിനോട് പറഞ്ഞു.



അതേസമയം, ജീവനക്കാർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം കലക്ടർ നിർദേശം നൽകിയിരുന്നു. അധിക സർവീസുകൾ നടത്തണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയും നിർദേശം നല്‍കിയിരുന്നു. തിരുവനന്തപുരം തമ്പാനൂരിൽ പൊലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തി. എന്നാല്‍, അടിയന്തര മെഡിക്കൽ ആവശ്യത്തിനുള്ള ബസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് സമരക്കാരുടെ നിലപാട്.

സംസ്ഥാനത്ത് പലയിടത്തും സ്ഥാപനങ്ങളും കടകളും തുറന്നത് നേരിയ സംഘർഷത്തിന് ഇടയാക്കി. തിരുവനന്തപുരം ലുലു മാൾ തുറക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആറ്റിങ്ങലിൽ കടകൾ അടപ്പിച്ചു. കൊല്ലം ഹൈസ്കൂൾ ജംങ്ഷനിൽ സമര അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട സംഭവവുമുണ്ടായി.

Similar Posts