Kerala
മൂന്ന് ദിവസം കടയടക്കുന്നത് ചിന്തിക്കാനാവില്ല; പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ
Kerala

'മൂന്ന് ദിവസം കടയടക്കുന്നത് ചിന്തിക്കാനാവില്ല'; പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ

Web Desk
|
29 March 2022 5:03 AM GMT

പൊലീസ് സംരക്ഷണം നൽകിയില്ലെങ്കില്‍ സംഘടന, കടകള്‍ക്ക് സംരക്ഷണം നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.

തിരുവനന്തപുരം: ഇന്നത്തെ പണിമുടക്കിൽ സഹകരിക്കാൻ വ്യാപാരികൾക്ക് നിവര്‍ത്തിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി. മൂന്ന് ദിവസം തുടർച്ചയായി കട അടച്ചിടുന്നത് ഇപ്പോൾ ചിന്തിക്കാനാകില്ല. പൊലീസ് സംരക്ഷണം നൽകിയില്ലെങ്കില്‍ സമിതി സംരക്ഷണം നൽകും. കടകൾക്ക് എന്ത് നഷ്ടം വന്നാലും അത് സംഘടന ഏറ്റെടുക്കുമെന്നും കുഞ്ഞാവു ഹാജി പറഞ്ഞു.

സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാപാരികൾ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഡയസ്‌നോൺ പ്രഖ്യാപിച്ചത്.

ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസമായ ഇന്ന് സമരക്കാർ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ ജീവനക്കാരെ തടഞ്ഞ് പ്രതിഷേധമുണ്ടായി. യാത്രക്കാരനെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സെക്രട്ടേറിയറ്റിൽ വളരെ കുറച്ച് ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ജീവനക്കാർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, കോഴിക്കോട് ജില്ലയിൽ പെട്രോൾ പമ്പുകള്‍ തുറന്നു. കലക്ടറുടെ നിർദേശത്തെ തുടർന്നാണ് പമ്പുകള്‍ തുറന്നത്. എന്നാല്‍ കാരന്തൂരിൽ സമരാനുകൂലികൾ പെട്രോൾ പമ്പ് അടപ്പിച്ചു.

Related Tags :
Similar Posts