നിരവധി മനുഷ്യജീവനുകൾ ചതച്ചരച്ചിട്ടും ഡ്രൈവറും ക്ലീനറും ശ്രമിച്ചത് വാഹനം നിർത്താതെ രക്ഷപ്പെടാന്‍; പിടികൂടിയത് നാട്ടുകാര്‍
|അതീവ ഗുരുതരമായ നിയമലംഘനങ്ങളാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തം
തൃശൂര്‍: നിരവധി മനുഷ്യജീവനുകൾ ചതച്ചരച്ചിട്ടും ലോറിയിലെ ഡ്രൈവറും ക്ലീനറും ശ്രമിച്ചത് വാഹനം നിർത്താതെ രക്ഷപ്പെടാൻ. നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. അതീവ ഗുരുതരമായ നിയമലംഘനങ്ങളാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തം.
കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് തടിയുമായി പുറപ്പെട്ട ലോറി മാഹിയിൽ നിർത്തി മദ്യം വാങ്ങി. പിന്നീട് മദ്യലഹരിയിൽ ആയിരുന്നു ഇരുവരുടെയും യാത്ര. പൊന്നാനിയിൽ വച്ചാണ് ഡ്രൈവർ ജോസ് , ഡ്രൈവിങ് ലൈസൻസില്ലാത്ത അലക്സിന് വാഹനം കൈമാറിയത്. പിന്നീട് അവിടെ നിന്നും അപകടം നടക്കുന്ന സ്ഥലം വരെ വാഹനം ഓടിച്ചത് അലക്സായിരുന്നു. കൃത്യമായ സൈൻ ബോർഡുകൾ ഉണ്ടായിട്ടും അതൊന്നും ശ്രദ്ധിക്കാതിരുന്ന അലക്സ് ഡിവൈഡർ ഇടിച്ചു തകർത്ത് വാഹനം മുന്നോട്ട് ഓടിച്ചു.
നാടോടി സംഘത്തിന് മുകളിലൂടെ കയറ്റി ഇറക്കിയിട്ടും വാഹനം നിർത്തിയില്ല. നിർമാണം നടക്കുന്ന റോഡ് അവസാനിച്ചതോടെയാണ് മറ്റു മാർഗങ്ങളില്ലാതെ അലക്സ് വണ്ടി നിർത്തുന്നത്. നാട്ടുകാർ ഓടിക്കൂടി ഇരുവരെയും പിടിച്ച പൊലീസിന് കൈമാറി.
മനഃപൂർവമായ നരഹത്യ അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. ജോസിന്റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്യുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തു.