നവകേരള; ബസിന് പണം അനുവദിക്കാന്‍ ഭരണാനുമതി ഉത്തരവ്
|അടുത്ത ഉപധനാഭ്യര്‍ഥനയില്‍ മൂലധനമായി ക്രമപ്പെടുത്താനുള്ള തീരുമാനവും ഉത്തരവിലുണ്ട്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കായി ഒരു കോടി രൂപ മുടക്കി ബസ് വാങ്ങിയതിന് പണം വിനിയോഗിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് ഇറങ്ങി. ഈ മാസം നാലിനാണ് ഇൻഫർമേഷൻ ആൻറ് പബ്ലിക് റിലേഷൻസ് വകുപ്പ് ഭരണാനുമതി നൽകിയത്. അടുത്ത ഉപധനാഭ്യർത്ഥനയിൽ മൂലധനമായി ക്രമപ്പെടുത്താനുള്ള തീരുമാനവും ഉത്തരവിലുണ്ട്.
നവകേരള യാത്ര തുടങ്ങിയെങ്കിലും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ബസിന് പണം അനുവദിക്കാനുള്ള ഭരണാനുമതി ഉത്തരവ് പുറത്തിറക്കിയിരുന്നില്ല. ഒരു കോടി അഞ്ചുലക്ഷത്തി ഇരുപതിനായിരം രൂപ ആവശ്യപ്പെട്ട് ബസ് വാങ്ങാൻ ചുമതലപ്പെടുത്തിയിരുന്ന കെഎസ്ആർടിസി കഴിഞ്ഞ മാസം പത്തിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കത്തും നൽകി. ഇത് പരിഗണിച്ചാണ് ഈ മാസം നാലിന് ഭരണാനുമതി ഉത്തരവ് ഇറക്കിയത്.
ഉത്തരവ് പ്രകാരം തുക മൂലധനമായിട്ടാണ് വകയിരുത്തിയിരിക്കുന്നത്. അതിനാൽ അടുത്ത ഉപധനാഭ്യർത്ഥനയിൽ ഇത് ക്രമപ്പെടുത്തണം. ഉത്തരവ് പ്രകാരം ബസ് വാങ്ങാൻ ചുമതലപ്പെടുത്തിയത് കെഎസ്ആർടിസിയെ ആണെങ്കിലും പരിപാലന ചുമതല ടൂറിസം വകുപ്പിനായിരിക്കും. ബോടോയിലറ്റ് സംവിധാനമുള്ളതിനാലാണിതെന്നും ഉത്തരവ് സൂചന നൽകുന്നുണ്ട്. ബസ് വാങ്ങാനുള്ള പണം അധിക തുകയായി വിനിയോഗിക്കാൻ നേരത്തെ ധനവകുപ്പ് അനുമതി നൽകിയിരുന്നു. സർക്കാരിൻറെ ആവശ്യത്തിനുള്ള ആധുനിക സജ്ജീകരണങ്ങളോടെയുള്ള ബസ് എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഭരണാനുമതി ഉത്തരവിലും നവകേരളയാത്രയ്ക്കാണെന്ന പരാമർശം ഇല്ല.