നവകേരള ബസിന് പോകാൻ സ്ഥലമില്ല, സ്‌കൂൾ മതിൽ പൊളിച്ച് സംഘാടകർ
|ദിവസങ്ങൾക്കു മുൻപ് മതിലിൻ്റ ഒരു ഭാഗം ഇടിച്ചിട്ടപ്പോൾ പ്രതിപക്ഷ പാർട്ടികൾ അത് പുനർനിർമിച്ചിരുന്നു. വിവാദങ്ങൾ നിലനിൽക്കേയാണ് രാവിലെ മതിൽ പൊളിച്ച നിലയിൽ കാണുന്നത്
ആലപ്പുഴ: നവകേരള സദസ്സിന് വേദിയാകുന്ന മാവേലിക്കര ഹൈസ്കൂളിൻ്റെ മതിൽ പൂർണമായും തകർത്തു. മതിൽ പൊളിക്കണമെന്ന ആവശ്യം നഗരസഭ തള്ളിയതോടെയാണ് കെട്ടിടം പുലർച്ചെ പൊളിച്ചത്. നവകേരള സദസിനായി കുട്ടനാട്ടിലെ കുടുംബശ്രീയിൽ നിർബന്ധിത പിരിവ് നടത്തുന്നതായി ആരോപണമുയർന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന ബസിന് കയറാൻ സ്കൂൾ മതിൽ പൊളിക്കണമെന്ന് മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുനർ നിർമ്മിക്കാൻ ഫണ്ടില്ലെന്ന് പറഞ്ഞ് നഗരസഭ ഈ ആവശ്യം തള്ളിയിരുന്നു.
മതിൽ അടിയന്തിരായി പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവിലും നഗരസഭ നടപടി എടുത്തിരുന്നില്ല.നഗരസഭക്ക് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ദിവസങ്ങൾക്കു മുൻപ് മതിലിൻ്റ ഒരു ഭാഗം ഇടിച്ചിട്ടപ്പോൾ പ്രതിപക്ഷ പാർട്ടികൾ അത് പുനർനിർമിച്ചിരുന്നു. വിവാദങ്ങൾ നിലനിൽക്കേയാണ് രാവിലെ മതിൽ പൊളിച്ച നിലയിൽ കാണുന്നത്. ഇതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നു.