Kerala
Pinarayi against congress on Madhyapradesh election result
Kerala

മലപ്പുറത്തെ നവകേരള സദസ്സിൽ യുഡിഎഫ് നേതാക്കളും; പോകുന്നവർക്കെതിരെ കർശന നടപടിയെന്ന് പ്രതിപക്ഷ നേതാവ്‌

Web Desk
|
27 Nov 2023 8:13 AM GMT

തിരൂരിൽ നടന്ന പ്രഭാത സദസ്സിൽ ഡി.സി.സി അംഗം ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു

തിരൂര്‍: മലപ്പുറം ജില്ലയിലെ നവകേരള സദസ്സിന് തുടക്കമായി. തിരൂരിൽ നടന്ന പ്രഭാത സദസ്സിൽ ഡി.സി.സി അംഗം ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു. കേന്ദ്രസർക്കാർ കേരളത്തിനുള്ള പണം തടഞ്ഞു വയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 9 മണിയോടെ തിരൂർ ബീയാങ്കോ ഓഡിറ്റോറിയത്തിലാണ് പ്രഭാത സദസ്സ് നടന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ, മുസ്ലിംലീഗ് നേതാവും താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ഇബ്രാഹിം മാസ്റ്റർ, ഡി.സി.സി അംഗം തിരുനാവായ എ.പി മൊയ്തീൻ എന്നിവരും പ്രഭാത സദസ്സിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വീണ്ടും രംഗത്ത് എത്തി. 40 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണത്തിൽ നിന്ന് മാറി നിൽക്കുകയാണ്. ഇത് സംസ്ഥാനത്തെ വല്ലാതെ ബാധിക്കുമെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. പാർട്ടിയുമായി തെറ്റി നിൽക്കുന്നവരാണ് നവ കേരള സദസിൽ പങ്കെടുക്കുന്നതെന്നും പോകുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വികസന വിഷയങ്ങൾ പറയാനാണ് നവകേരള സദസിൽ പങ്കെടുത്തതെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മകളുടെ ഭർത്താവ് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. വികസനത്തിന്റെ കാര്യത്തിൽ കക്ഷി രാഷ്ട്രീയം നോക്കേണ്ടതില്ല. തിരൂരിന്റെ വിവിധ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധമുണ്ടായി. പൊന്നാനിയിലേക്കുള്ള യാത്രക്കിടെ കർമ്മ റോഡിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

Similar Posts