Kerala
Navakerala Sadas volunteers attacks Youth Congressmen in angamaly
Kerala

അങ്കമാലിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാർക്ക് നവകേരള സദസ് വളണ്ടിയർമാരുടെ മർദനം

Web Desk
|
7 Dec 2023 11:57 AM GMT

പൊലീസുകാർ നോക്കിനിൽക്കിയെയായിരുന്നു മർദനം.

കൊച്ചി: അങ്കമാലിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ഒരുങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം. നവകേരളാ സദസ് വളണ്ടിയർമാരാണ് മർദിച്ചത്. അങ്കമാലി മണ്ഡലത്തിലെ നവകേരള സദസ് വേദിയിലേക്ക് മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് ടി.ബി ജങ്ഷന് സമീപമായിരുന്നു സംഭവം.

കരിങ്കൊടി പ്രതിഷേധത്തിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതിനിടെ നവകേരളാ സദസ് വളണ്ടിയർമാർ വളയുകയും പൊലീസ് പിടിയിലിരിക്കെ മർദിക്കുകയുമായിരുന്നു.

മറ്റു പൊലീസുകാർ നോക്കിനിൽക്കിയെയായിരുന്നു മർദനം. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശൻ അടക്കം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയെത്തുന്നതുമായി ബന്ധപ്പെട്ട് അങ്കമാലിയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി ചാലക്കുടിയിൽ നിന്ന് അങ്കമാലിയിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് ടി.ബി ജങ്ഷന് സമീപം പ്രവർത്തകരെ പൊലീസ് തടയുകയും വളണ്ടിയർമാർ മർദിക്കുകയും ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് ആരോപണം. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

നേരത്തെ കണ്ണൂരിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ചിരുന്നു. ചെടിച്ചട്ടിയും ഹെൽമറ്റും ഉൾപ്പെടെയുള്ളവ കൊണ്ടായിരുന്നു ആക്രമണം. ഇതിനെ ന്യായീകരിച്ച് രം​ഗത്തെത്തിയ മുഖ്യമന്ത്രി, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും പറഞ്ഞിരുന്നു.

അതേസമയം, അങ്കമാലിക്ക് ശേഷം ആലുവയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. അവിടെയും വലിയ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം പറവൂരിലാണ് ഇന്നത്തെ അവസാനത്തെ പരിപാടി.

Similar Posts