പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റത്തെ സ്വന്തം സംഘടനയായ KGOA എതിർത്തു; നവീൻ ബാബുവിൻ്റെ വാട്സ്ആപ്പ് സന്ദേശം പുറത്ത്
|സിപിഐയുടെ സർവീസ് സംഘടന സ്ഥലംമാറ്റത്തിന് അനുകൂലമായിരുന്നുവെന്നും നവീൻ ബാബു
കണ്ണൂർ: മരണപ്പെട്ട എഡിഎം നവീൻ ബാബു നേരത്തെ സുഹൃത്തിന് അയച്ച വാട്ട്സ് ആപ്പ് സന്ദേശം പുറത്ത്. പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റത്തെ സ്വന്തം സംഘടനയായ കെജിഒഎ എതിർത്തു. നല്ല ഉദ്യോഗസ്ഥനാണെന്നും മാറ്റരുതെന്നും പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് റവന്യൂമന്ത്രിയെ നേരിട്ടാണ് വിളിച്ചുപറഞ്ഞത്. സിപിഐയുടെ സർവീസ് സംഘടന സ്ഥലംമാറ്റത്തിന് അനുകൂലമായിരുന്നുവെന്നും സുഹൃത്ത് ഹരിഗോപാലിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ നവീൻ പറയുന്നു.
സുഹൃത്ത് ഹരിഗോപാലിന് കഴിഞ്ഞ ആഗസ്ത് 11നാണ് നവീൻ ബാബു സന്ദേശം അയച്ചത്. മൂന്ന് മാസത്തെ ലീവിന് താൻ അപേക്ഷിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ലീവ് അനുവദിച്ചു. എന്നാൽ മുണ്ടക്കൈ ദുരന്തമുണ്ടായതോടെ തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ പറയുകയായിരുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.
ഇന്ന് രാവിലെയാണ് എഡിഎമ്മിനെ പള്ളിക്കുന്നിലെവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ആരോപണമുന്നയിച്ചത്. ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യഉയർത്തിയ ആരോപണം.