മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേന അന്വേഷണം ആരംഭിച്ചു
|വെടിയുണ്ടയുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വെടിയേറ്റ ദിവസം കടലിൽ ഉണ്ടായിരുന്ന ബോട്ടുകളും കപ്പലുകളും കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന നടത്തും. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിൽനിന്ന് നാവികസേന ശേഖരിച്ചിട്ടുണ്ട്.
അതേസമയം, വെടിയുണ്ടയുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. ഫോർട്ട് കൊച്ചി നാവിക പരിശീലനകേന്ദ്രത്തിലെ തോക്കുകൾ വിദഗ്ധർ പരിശോധിച്ചെങ്കിലും ഉപയോഗിച്ച തോക്ക് ഏതാണെന്ന് കണ്ടെത്താനായില്ല. രാജ്യ സുരക്ഷാപ്രശ്നം ഉള്ളതിനാൽ ആയുധങ്ങളുടെ വിവരം നൽകാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നാണ് നേവി നിലപാട്. നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിങ് നടത്താനാണ് പൊലീസ് തീരുമാനം. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ് അഞ്ചു ദിവസം കഴിഞ്ഞിട്ടും വെടിവച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിനുസമീപമുള്ള സ്ഥലമായതിനാൽ നേവിക്കാർതന്നെയാണ് വെടിവച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് നാവികസേന. ബുധൻ രാവിലെ അൽ റഹ്മാൻ എന്ന ഇൻബോർഡ് വള്ളത്തിൽ മീൻപിടിക്കാൻപോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയിൽ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്. വലതുചെവിയുടെ താഴെ കൊണ്ട വെടിയുണ്ട ചെവി തുളച്ച് കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. നാവികസേന പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു. ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്. സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികൾ അപ്രതീക്ഷിത വെടിവെപ്പിന്റെ ഞെട്ടലിലാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും, അല്ലെങ്കിൽ സമരം നടത്തുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്.