സച്ചിന് സാവന്തുമായി അയല്‍വാസിയെന്ന ബന്ധം മാത്രം; കുടുംബത്തിന് കേരളത്തില്‍ ക്ഷേത്രദർശനത്തിനുള്ള സഹായം നല്‍കിയിരുന്നു-നവ്യ നായര്‍
|നവ്യയെ കാണാൻ എട്ടു തവണ സച്ചിന് സാവന്ത് കൊച്ചിയിൽ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു
കൊച്ചി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐ.ആര്.എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തുമായി മുംബൈയിലെ അയല്‍വാസി എന്ന ബന്ധം മാത്രമാണുള്ളതെന്ന് നടി നവ്യ നായര്‍. സാവന്തില്‍നിന്നു സമ്മാനങ്ങള്‍ കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ മീഡിയവണിനോട് പറഞ്ഞു. കേസില്‍ നവ്യ നായരെ ഇ.ഡി ചോദ്യംചെയ്ത വിവരം കഴിഞ്ഞ ദിവസമാണു മാധ്യമങ്ങളിലൂടെ പുറത്തെത്തിയത്.
രണ്ടുമാസംമുന്‍പ് ഇ.ഡി വിളിച്ചു വിവരങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് നവ്യ പറഞ്ഞു. സച്ചിന് സാവന്തിന്റെ കുടുംബം കേരളത്തില്‍ വന്നപ്പോള്‍ ക്ഷേത്ര ദർശനത്തിനുള്ള സഹായം നല്‍കിയിരുന്നു. സാവന്ത് നല്‍കാത്ത മൊഴിയാണ് ഇ.ഡി കുറ്റപത്രത്തിലുള്ളതെന്ന പേരില്‍ പ്രചരിക്കുന്നതെന്നും നവ്യ നായർ മീഡിയാവണിനോട് പറഞ്ഞു.
ഇ.ഡി മുംബൈ ബ്രാഞ്ച് ആണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സച്ചിൻ സാവന്തിന്റെ വാട്ട്സ്ആപ്പ് ചാറ്റുകളിൽനിന്നും മൊബൈൽ ഫോൺ രേഖകളിൽനിന്നുമാണു നടിയുമായുള്ള ബന്ധം വ്യക്തമായതെന്നാണു വിവരം.
കള്ളപ്പണം വെളുപ്പിക്കാൻ സ്വർണ ആസ്തികൾ വാങ്ങിയ സച്ചിൻ സാവന്ത് നവ്യ നായർക്ക് സ്വർണാഭരണങ്ങൾ സമ്മാനിച്ചതായാണ് റിപ്പോര്‍ട്ടുള്ളത്. താരത്തെ കാണാൻ എട്ടോളം തവണ കൊച്ചിയിൽ എത്തുകയും ചെയ്തതായും ഇതില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നവ്യ നായർക്ക് പുറമെ സാവന്തിന്റെ മറ്റൊരു പെണ്‍സുഹൃത്തിന്റെ മൊഴിയും ഇ.ഡി രേഖപ്പെടുത്തി.
Summary: Actress Navya Nair says that she has only neighborly relationship with IRS officer Sachin Sawant, who was arrested in the money laundering case