നയന സൂര്യയുടെ മരണം കഴുത്തിലെ മുറിവെന്ന് ഫോറൻസിക് സർജൻ
|പുറത്തു വന്ന മൊഴി താൻ നൽകിയതല്ല, തന്റെ മുന്നിൽ ഇരുന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എഴുതിയ മൊഴിയല്ല പുറത്തുവന്നതെന്നും ശശികല പറഞ്ഞു
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണം കഴുത്തിലെ മുറിവ് കാരണമാണെന്ന് ഫോറൻസിക് സർജൻ ശശികല. സാധ്യതകളിൽ ഒന്നായി കൊലപാതകം ചൂണ്ടിക്കാട്ടിയിരുന്നു, പുറത്തു വന്ന മൊഴി താൻ നൽകിയതല്ല തന്റെ മുന്നിൽ ഇരുന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എഴുതിയ മൊഴിയല്ല പുറത്തുവന്നതെന്നും ശശികല പറഞ്ഞു.
അതേസമയം കേസ് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് കേസിന്റെ അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്.അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലെനിൻ രാജേന്ദ്രന്റെ മരണത്തിൻറെ ആഘാതത്തിൽ നയന വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്രമേഹ രോഗിയായ നയന മുറിയിൽ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.