എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർഥികളുടെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണം; ആവശ്യവുമായി വിദ്യാർഥികൾ
|എൻ.സി.സി വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഉയർത്താത്തതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണം
കോഴിക്കോട്: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർഥികളുടെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണം എന്ന ആവശ്യവുമായി വിദ്യാർഥികൾ രംഗത്ത് . പുതുക്കിയ സർക്കുലർ പ്രകാരം എന്‍.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, കായികം, എന്നീ ഇനങ്ങളുടെ ഗ്രേസ് മാർക്ക് ഉയർത്തിയിട്ടും എൻ.സി.സി വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഉയർത്താത്തതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണം.
2023 ഏപ്രിൽ 18ലെ ഉത്തരവ് പ്രകാരം 75% അറ്റൻഡൻസ് ഉള്ള എൻ.സി.സി വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് 60 എന്നത് 20 ആയും , നാഷണൽ ക്യാമ്പുകളിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് 120 എന്നത് 25 ആയും കുറച്ചിരുന്നു. റെഡ് ക്രോസ് , എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എന്‍.എസ്.എസ്, കലാകായികമേളകൾ എന്നിവയുടെ ഗ്രേസ് മാർക്കും സമാന രീതിയിൽ കുറച്ചു.. എന്നാൽ മേയ് 15ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കായിക രംഗം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , എന്‍.എസ്.എസ് എന്നീ ഇനങ്ങളിലെ ഗ്രേസ് മാർക്ക് കുത്തനെ വർധിപ്പിച്ചു. ഇതിനെതിരെയാണ് എൻസിസി വിദ്യാർഥികൾ രംഗത്ത് എത്തിയത് .
നിരവധി ക്യാമ്പുകളിലൂടെയും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയും കടന്നു പോയാണ് ഓരോ എൻസി സി കേഡറ്റുകളും കോഴ്സ് പൂർത്തിയാക്കുന്നത്. ഇതിന്‍റെ ഭാഗമായി മാസങ്ങളോളം ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാറില്ല എന്നും വിദ്യാർഥികൾ പറയുന്നു. മറ്റിനങ്ങൾക്ക് വർധിപ്പിച്ചതുപോലെ എൻസിസി കേഡറ്റുകളുടെ ഗ്രേസ് മാര്‍ക്ക് വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും അടിയന്തര ഇടപെടൽ നടത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.