എ.കെ ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദം; ഗൂഢാലോചനയെന്ന് എന്‍.സി.പി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
|പാർട്ടിക്കുള്ളിൽ നിന്നു തന്നെയാകാം ഗൂഢാലോചനയെന്ന സംശയം പ്രകടിപ്പിക്കുന്നതാണ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്റെ റിപ്പോർട്ട്.
മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോൺ വിളി വിവാദത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് എന്‍.സി.പി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ നിന്നു തന്നെയാകാം ഗൂഢാലോചനയെന്ന സംശയം പ്രകടിപ്പിക്കുന്നതാണ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിന്റെ റിപ്പോർട്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനും ശിപാർശയുണ്ട്.
കൊല്ലത്തെ നേതാക്കൾ ഉൾപ്പെട്ട പ്രശ്നപരിഹാരത്തിന് മന്ത്രിയെ ചുമതലപ്പെടുത്തിയതും മന്ത്രിയുടെ ഫോൺ കോൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതും ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ എൻ.സി.പി നേതാക്കള്‍ പത്മാകരനെയും രാജീവിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. കേസിൽ ഒന്നാം പ്രതിയായ പത്മാകരന് എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗമാണ്. രാജീവ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റും.
യുവതിയെ അപകീർത്തിപ്പെടുത്താൻ വാട്സ്ആപ്പ് പ്രചരണം നടത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഇത് ചെയ്തവർ ഉൾപ്പെടെ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകും. ഡൽഹിയിൽനിന്ന് സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ തിരിച്ചെത്തിയ ശേഷം നടപടിക്കാര്യത്തിൽ തീരുമാനമാകും. കുണ്ടറയിലെ പെൺകുട്ടിയുടെ പരാതിക്കിടയായ സാഹചര്യവും അതിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ ഇടപെടലുമാണ് എൻ.സി.പി അന്വേഷിച്ചത്.