എ.കെ ശശീന്ദ്രന് ഇടപെട്ട ഫോൺ വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് എൻ.സി.പി
|പരാതിക്കാരി ബിജെപി പ്രവർത്തകയാണെന്നും ശശീന്ദ്രന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും എൻ.സി.പി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്
മന്ത്രി എ.കെ ശശീന്ദ്രന് ഇടപെട്ട ഫോൺ വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് എൻ.സി.പി. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാതിയാണ് നൽകിയത്. പരാതിക്കാരി ബിജെപി പ്രവർത്തകയാണെന്നും ശശീന്ദ്രന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും എൻ.സി.പി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോർട്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയ്ക്ക് ഉടൻ കൈമാറും.
അതേസമയം ഫോണ്‍വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ ശരദ് പവാറമായി സംസാരിച്ചു. വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്.
അതിനിടെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. സ്ത്രീപീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടെന്ന പരാതിയിലാണ് നിയമോപദേശം തേടിയത്. എന്നാല്‍, കുറ്റകൃത്യമുണ്ടായെന്ന് കരുതാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല.