Kerala
Kerala
സർക്കാർ ജോലിക്കായി പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തന്റേതെന്ന് സമ്മതിച്ച് എൻ.സി.പി നേതാവ് പ്രേമാനന്ദൻ
|29 Oct 2023 4:46 AM GMT
സർക്കാർ ബോർഡുകളിൽ ക്ലറിക്കൽ പോസ്റ്റിന് 18 ലക്ഷവും പ്യൂൺ പോസ്റ്റിന് 13 ലക്ഷം രൂപയും പ്രേമാനന്ദൻ ആവശ്യപ്പെടുന്ന ശബ്ദരേഖ മീഡിയവൺ ആണ് പുറത്തുവിട്ടത്.
കൊച്ചി: സർക്കാർ ജോലിക്കായി പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം തന്റേതെന്ന് സമ്മതിച്ച് എൻ.സി.പി വയനാട് ജില്ലാ പ്രസിഡന്റ് കെ.ബി പ്രേമാനന്ദൻ. പണം വാങ്ങി ആർക്കും ജോലി നൽകിയിട്ടില്ലെന്ന് പ്രേമാനന്ദൻ പറഞ്ഞു. സർക്കാർ ബോർഡുകളിൽ ക്ലറിക്കൽ പോസ്റ്റിന് 18 ലക്ഷവും പ്യൂൺ പോസ്റ്റിന് 13 ലക്ഷം രൂപയും പ്രേമാനന്ദൻ ആവശ്യപ്പെടുന്ന ശബ്ദരേഖ മീഡിയവൺ ആണ് പുറത്തുവിട്ടത്.
തന്റെ സുഹൃത്ത് പറഞ്ഞ കാര്യം മറ്റൊരാളോട് പറഞ്ഞതാണെന്നും താൻ ആർക്കും ജോലി വാങ്ങി നൽകിയിട്ടില്ലെന്നുമാണ് പ്രേമാനന്ദന്റെ വിശദീകരണം. ഇത് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും പ്രേമാനന്ദനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയും മന്ത്രി എ.കെ ശശീന്ദ്രനും വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.