എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം: സംസ്ഥാനത്ത് പലയിടത്തും ബിജെപിയിൽ അഭിപ്രായ ഭിന്നത
|ബിഡിജെഎസിന്റെ അതൃപ്തിയാണ് പിസി ജോർജിനെ മാറ്റാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്
തിരുവനന്തപുരം/പത്തനംതിട്ട: എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും ബിജെപിയിൽ അഭിപ്രായ ഭിന്നത. പത്തനംതിട്ടയിൽ പിസി ജോർജിനെ വെട്ടി അനിൽ ആൻറണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ പോസ്റ്റിട്ട കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാർട്ടി നേതൃത്വം പുറത്താക്കി.
പത്തനംതിട്ടയിൽ സ്ഥാനാർത്ഥിത്വത്തിൽ പ്രധാന പരിഗണന പിസി ജോർജിനായിരുന്നു. എന്നാൽ പിസിയെ സ്ഥാനാർഥിയാക്കുന്നതിലെ ബിഡിജെഎസിന്റെ അതൃപ്തിയാണ് സ്ഥാനാർഥിയെ മാറ്റാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഈ തീരുമാനത്തിൽ ജില്ലയിലെ പല നേതാക്കൾക്കും, പ്രവർത്തകർക്കുമുള്ള എതിർപ്പാണ് മറനീക്കി പുറത്തുവരുന്നത്. അതിരൂക്ഷ ഭാഷയിലാണ് കർഷകമോർച്ച ജില്ലാ പ്രസിഡൻറ് തീരുമാനത്തെ വിമർശിച്ചത്. എല്ലാവർക്കും താല്പര്യം പി. സി. ജോർജിനെ ആയിരുന്നു. അനിൽ ആൻറണി മത്സരിച്ചാൽ ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ല. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ പൊട്ടൻ എന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. ശ്യാം തട്ടയിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും വലിയ നാണക്കേടാണ് ബിജെപിക്ക് ഉണ്ടാക്കിയത്.
അതേസമയം തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വത്തിലും പാർട്ടി പ്രവർത്തകർക്കിടയിൽ വിയോജിപ്പുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകന് മർദനമേറ്റതായതായാണ് പരാതി. പൗഡിക്കോണം സ്വദേശി സായി പ്രശാന്തിനാണ് മർദനമേറ്റത്. പാർട്ടി ഓഫീസിൽ വിളിച്ചു വരുത്തിയാണ് മർദിച്ചതെന്ന് സായി പ്രശാന്ത് പൊലീസിന് മൊഴിനൽകി. എന്നാൽ സായി പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് ബിജെപി അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്നുവരുന്ന വിയോജിപ്പുകൾ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.