കാസര്‍കോട് വെടിക്കെട്ട് അപകടം; ക്ഷേത്ര കമ്മറ്റിക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണം
|സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്
കാസര്‍കോട്: വെടിക്കെട്ട് ശാലക്ക് തീ പിടിച്ചതിൽ ക്ഷേത്ര കമ്മറ്റിക്ക് ഗുരുതര വീഴ്ചയെന്ന് ആരോപണം. പ്രത്യേക അനുമതി വാങ്ങാതെയാണ് വെടിക്കെട്ട് നടത്തിയത്. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് കളിയാട്ട മഹോത്സവത്തിന്റെ നോട്ടീസിൽ വെടിക്കെട്ടിനെ കുറിച്ച് പരാമർശമില്ല. എന്നാലും എല്ലാ വർഷവും മുടങ്ങതെ വെടിക്കെട്ട് നടക്കും. ക്ഷേത്ര മതിലിനോട് ചേർന്നുള്ള കാവിലാണ് എല്ലാ വർഷവും വെടിക്കെട്ട് നടക്കുക. എന്നാൽ ഇത്തവണ വെടിപ്പുരയോട് ചേർന്ന് തന്നെ വെടിക്കെട്ടും നടത്തി. രാത്രി 12 മണിയോട് അടുത്ത സമയം. വെടിപ്പുരയുടെ ചുറ്റും നിരവധി വിശ്വാസികൾ. വിശ്വാസികളുടെ ശ്രദ്ധ മുഴുവൻ തെയ്യക്കോലത്തിൽ. പെട്ടെന്നാണ് ഒരു വലിയ തീ ഗോളം ഉയർന്നു പൊന്തിയത്.
മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയായിരുന്നു വെടിക്കെട്ട്. പ്രത്യേക അനുമതി വാങ്ങിയില്ല. വെടിപ്പുരയോട് ചേർന്ന് തന്നെ പടക്കം പൊട്ടിച്ചു. ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ല. ഉത്തര മലബാറിൽ തെയ്യക്കാലത്തിന് തുടക്കമായതോടെ ഇനി വരും ദിവസങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് കളിയാട്ടങ്ങൾ നടക്കുക. ഓരോ കളിയാട്ട സ്ഥലത്തും പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം.