നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; നിയമം കൊണ്ടുവരാൻ ബിഹാർ
|ചോദ്യപ്പേപ്പർ ഒന്നിന് 30 ലക്ഷം രൂപ വരെ വിദ്യാർഥികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം
പട്‌ന: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ കർശന നിയമം കൊണ്ടുവരാൻ ബിഹാർ സർക്കാർ. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ ഒഴിവാക്കാനുമാണ് പുതിയ നിയമം. വരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് നീക്കം.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിലും ഹരിയാനയിലുമായിരുന്നു വിവാദങ്ങളേറെയും ഉടലെടുത്തത്. ബിഹാറിൽ ചോദ്യപ്പേപ്പർ ഒന്നിന് 30 ലക്ഷം രൂപ വരെ വിദ്യാർഥികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. പരീക്ഷയിൽ രണ്ട് സ്ഥലങ്ങളിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സുപ്രിംകോടതി നിർദേശപ്രകാരം 1563 പേർക്ക് പുനഃപരീക്ഷ നടത്താൻ നടപിടയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷകളിലെല്ലാം സുതാര്യത ഉറപ്പാക്കുന്ന തരത്തിലാവും നിയമം എന്നാണ് ലഭിക്കുന്ന വിവരം.
വലിയ വിവാദങ്ങളാണ് നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിലുണ്ടായത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ ചോദ്യപ്പേപ്പർ ചോർന്നതിന് പിന്നിൽ വലിയ റാക്കറ്റ് തന്നെയുണ്ടെന്ന് കണ്ടെത്തി. 12 കോടിയോളം രൂപയാണ് റാക്കറ്റ് കൈപ്പറ്റിയത്. ഇടപാടുകാർക്ക് ആദ്യമേ പണം കൈമാറുകയാണ് വിദ്യാർഥികൾ ചെയ്യുക. പരീക്ഷയെഴുതുമ്പോൾ ഉത്തരമറിയാത്ത കോളം ഒഴിച്ചിടും. ഇത് പിന്നീട് പേപ്പർ വാല്യുവേഷനിൽ അധ്യാപകർ എഴുതിച്ചേർക്കും. ഞെട്ടിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെയാണിപ്പോൾ കർശന നിയമം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നത്.