കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കേസ്
|കൊല്ലം ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലാണ് സംഭവം. അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് വസ്തു ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് ശൂരനാട് സ്വദേശിയായ വ്യക്തി പറഞ്ഞു.
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടയിൽ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡിവൈഎസ്പി പറഞ്ഞു.
കൊല്ലം ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലാണ് സംഭവം. അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് വസ്തു ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് ശൂരനാട് സ്വദേശിയായ വ്യക്തി പറഞ്ഞു. തന്റെ മകളുടെ മാത്രമല്ല പരീക്ഷക്കെത്തിയ 90 ശതമാനം പെൺകുട്ടികളുടെയും അടിവസ്ത്രം ഊരിവെപ്പിച്ചാണ് പരീക്ഷയെഴുതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. കുട്ടികളെ അപമാനിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയെ അതൃപ്തി അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു.