കണ്ണൂർ വിമാനത്താവളത്തോടുളള അവഗണന; എൽ.ഡി.എഫും യു.ഡി.എഫും പ്രത്യക്ഷ സമരത്തിലേക്ക്
|ദൈനംദിന ചിലവുകൾക്ക് പോലും പണം കണ്ടെത്താനാവാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് വിമാനത്താവളത്തിൻറെ നടത്തിപ്പുകാരായ കിയാൽ കടന്നു പോകുന്നത്
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തോടുളള അവഗണനക്കെതിരെ എൽ.ഡി എഫും യു.ഡി.എഫും പ്രത്യക്ഷ സമരത്തിലേക്ക്. വിമാനത്താവളത്തിന് മുന്നിൽ ഇന്ന് യു .ഡി.എഫ് സത്യാഗ്രഹ സമരം നടത്തും.വ്യാഴാഴ്ച എൽ.ഡി.എഫ് നേതൃത്വത്തിൽ ബഹുജന ധർണയും നടക്കും. അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ച് വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറാനുളള ശ്രമമാണെന്നും ആക്ഷേപം
ഗോ ഫസ്റ്റ് എയർലൈൻസ് കൂടി സർവീസ് അവസാനിപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് കണ്ണൂർ വിമാനത്താവളം. പ്രതിദിനമുണ്ടായത് 1200 യാത്രക്കാരുടെ കുറവാണ് .നിലവിൽ കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നതാവട്ടെ രണ്ട് വിമാന കമ്പനികൾ മാത്രമാണ്. ദൈനം ദിന ചിലവുകൾക്ക് പോലും പണം കണ്ടെത്താനാവാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് വിമാനത്താവളത്തിൻറെ നടത്തിപ്പുകാരായ കിയാൽ കടന്നു പോകുന്നത്. ഇതോടെയാണ് വടക്കേ മലബാറിൻറെ സ്വപ്ന പദ്ധതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. ഇന്ന് യു.ഡി.എഫ് നേതൃത്വത്തിൽ വിമാനത്താവളത്തിന് മുന്നിൽ സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.