പ്രതിഷേധം ഫലം കണ്ടു; നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബർ 28ന്
|വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ അനുബന്ധ ആഘോഷ പരിപാടികൾ ഒഴിവാക്കും
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബർ 28ന് നടക്കും. കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ വള്ളംകളി നടത്താൻ തീരുമാനിച്ചത്. ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ലോകത്തെ തന്നെ ഏറ്റവും വാശിയേറിയ ജലമാമാങ്കമാണ് നെഹ്റു ട്രോഫി വള്ളം കളി. ലക്ഷക്കണക്കിന് വള്ളംകളി പ്രേമികൾ തങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ട ആവേശത്തിലാണ്. ബോട്ടുകളും വള്ളം ഉടമകളും ആവശ്യപ്പെട്ട തീയതി തന്നെ തീരുമാനിച്ചതും ശ്രദ്ധേയമായി. 28ന് മറ്റു വള്ളംകളികൾ ഇല്ലാത്തതാണ് ആ ദിവസം തന്നെ നെഹ്റു ട്രോഫി ജലോത്സവത്തിന് തെരഞ്ഞെടുത്തത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ അനുബന്ധ ആഘോഷ പരിപാടികൾ ഒഴിവാക്കുമെങ്കിലും ആവേശം ഒട്ടും ചോരാതെയാകും വള്ളംകളി നടത്തുക.
വള്ളംകളി ക്ലബുകൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്യും. വള്ളംകളി തീയതി പ്രഖ്യാപിച്ചതോടെ പരിശീലന ക്യാമ്പുകൾ ഉടൻ തുറക്കും. പിരിഞ്ഞുപോയ തുഴച്ചിലുകാരെയടക്കം തിരികെ എത്തിച്ചായിരിക്കും നിർത്തിവെച്ച വള്ളംകളി പരിശീലനം ആരംഭിക്കുക.