യുവതിക്ക് തീപിടിച്ചപ്പോൾ അണക്കാൻ ഭർത്താവ് ലിനീഷ് വിസമ്മതിച്ചുവെന്ന് അയൽവാസി
|ശരണ്യയെ ഭർത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നു
കോഴിക്കോട് പുതിയാപ്പയിൽ മരണപ്പെട്ട ശരണ്യക്ക് തീപിടിച്ചപ്പോൾ അണക്കാൻ ഭർത്താവ് ലിനീഷ് വിസമ്മതിച്ചുവെന്ന് അയൽവാസി. തീപൊള്ളലേറ്റ് ശരണ്യയും കിണറ്റിൽ വീണ് സാക്ഷിയായ ബന്ധുവും മരിച്ച കേസിൽ അയൽവാസി രാജേഷാണ് പൊലിസിന് നിർണ്ണായക മൊഴി നൽകിയത്. യുവതിക്ക് തീപിടിച്ചപ്പോൾ അണക്കാൻ പറഞ്ഞെങ്കിലും ഭർത്താവ് ലിനീഷ് വിസമ്മതിച്ചുവെന്ന മൊഴി കേസിൽ വഴിത്തിരിവാകും. ശരണ്യയെ ഭർത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നു. കുട്ടി കരയുന്നത് പോലുള്ള ശബ്ദം കേട്ട് ഉണർന്നപ്പോൾ ശരണ്യക്ക് തീപിടിച്ചതാണ് കണ്ടെതെന്ന് രാജേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശരണ്യക്ക് തീപിടിച്ച സമയത്ത് ഭർത്താവ് ലിനീഷ് ആരെയോ ഫോൺ ചെയ്ത് നിൽക്കുന്നത് കണ്ടെന്ന് മറ്റൊരു അയൽവാസി ഉണ്ണിയും മൊഴി നൽകി.
പുതിയാപ്പയിൽ താമസിക്കുന്ന ബന്ധുക്കളായ ശരണ്യയും ജാനകിയും ഒമ്പത് ദിവസത്തിനിടെയാണ് മരിച്ചത്. പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ശരണ്യയുടെ മരണത്തിലെ ദൃക്സാക്ഷിയാണ് മരിച്ച ജാനകിയെന്ന് പൊലിസ് പറയുന്നു. പരാതിയിൽ വിശദ അന്വേഷണം വേണമെന്ന് ശരണ്യയുടെ ബന്ധുക്കൾ മീഡിയവണിനോട് പറഞ്ഞിരുന്നു.