നായരമ്പലത്ത് അമ്മയും മകനും തീപ്പൊള്ളലേറ്റ് മരിച്ച കേസ്; അയല്‍വാസി അറസ്റ്റില്‍
|സിന്ധുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകന് പൊള്ളലേറ്റത് എന്നാണ് സൂചന.
എറണാകുളം നായരമ്പലത്ത് അമ്മയും മകനും തീപ്പൊള്ളലേറ്റ് മരിച്ച കേസിലെ പ്രതി ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. മരിച്ച സിന്ധു നൽകിയ പരാതി പൊലീസ് അവഗണിച്ചുവെന്ന് സിന്ധുവിന്റെ അമ്മ സബിയത്ത് ആരോപിച്ചു.
ഇന്നലെ രാവിലെയാണ് നായരമ്പലത്ത് താമസിക്കുന്ന സിന്ധു സാജുവിനെയും മകൻ അതുലിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സിന്ധു ഇന്നലെയും മകൻ അതുൽ ഇന്ന് രാവിലെയും മരിച്ചു. സിന്ധുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകന് പൊള്ളലേറ്റത് എന്നാണ് സൂചന.
ഇരുവരുടെയും മരണത്തിൽ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ദിലീപിനെ കസ്റ്റഡിയിൽ എടുത്തത്. തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് സിന്ധു നേരത്തെയും ദിലീപിനെതിരെ പരാതി നൽകിയിരുന്നു. നിരന്തരമായ ശല്യം ചെയ്യലും ഭീഷണിയുമാണ് സിന്ധു ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
അതേ സമയം സിന്ധു പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാൽ സിന്ധുവിന്റെ പരാതിയിൽ വിവിധ വകുപ്പുകൾ ചേർത്ത് ദിലീപിനെതിരെ കേസെടുത്തിരുന്നു എന്ന് പൊലീസ് പ്രതികരിച്ചു.