നെറ്റ്, പിജി പരീക്ഷകൾ ഒരേ ദിവസം; മാറ്റിവെക്കുമെന്ന മന്ത്രിയുടെ വാക്ക് പാഴായി
|നെറ്റും പി ജി പരീക്ഷയും ഒരേ ദിവസം വന്നതോടെ ആശങ്കയറിയിച്ച് വിദ്യാർഥികൾ മന്ത്രിയെ വിളിച്ചിരുന്നു. ''പറഞ്ഞിട്ടുണ്ട്, അത് മാറ്റും, മാറ്റുമെന്ന് പറഞ്ഞല്ലോ'' എന്നായിരുന്നു മറുപടി.
നാഷണൽ എലിജിബിലിറ്റി (നെറ്റ്) പരീക്ഷ നടക്കുന്ന ദിവസം തന്നെയുള്ള കേരള സർവകലാശാല പി.ജി.രണ്ടാം സെമസ്റ്റർ പരീക്ഷ മാറ്റിവെക്കുമെന്ന ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ വാക്ക് പാഴായി. തിങ്കളാഴ്ച തന്നെ പരീക്ഷയാരംഭിക്കുമെന്ന് കാണിച്ച് സർവകലാശാല സർക്കുലർ ഇറക്കി. നെറ്റ് പരീക്ഷയും അതേ ദിവസം തന്നെയായതിനാൽ നിരവധി വിദ്യാർഥികൾ ആശങ്കയിലാണ്. നെറ്റും കേരള സർവകലാശാലയുടെ പി ജി രണ്ടാം സെമസ്റ്റർ പരീക്ഷയും ഒരേ ദിവസം വന്നതോടെ ആശങ്കയറിയിച്ച് വിദ്യാർഥികൾ മന്ത്രിയെ വിളിച്ചിരുന്നു. ''പറഞ്ഞിട്ടുണ്ട്, അത് മാറ്റും, മാറ്റുമെന്ന് പറഞ്ഞല്ലോ, യൂണിവേഴ്‌സിറ്റിയിൽ പറഞ്ഞിട്ടുണ്ടെന്നായിരുന്നു'' മറുപടി.
എന്നാൽ പരീക്ഷ മാറ്റണമെന്ന മന്ത്രിയുടെ നിർദേശം അവഗണിച്ച് ഇന്നലെ വൈകീട്ട് സർവകലാശാല സർക്കുലർ ഇറക്കുകയായിരുന്നു. നവംബർ 22ന് തന്നെ പരീക്ഷ തുടങ്ങുമെന്ന് വ്യക്തമാക്കിയ സർവകലാശാല പരീക്ഷാ ടൈം ടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രിയുടെയും സർവകലാശാലയുടെയും വാക്ക് വിശ്വസിച്ച് നെറ്റിന് തയ്യാറെടുത്ത കുട്ടികളാണ് കുടുങ്ങിപ്പോയത്. നേരത്തെ നവംബർ 15 ന് നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ ക്ലാസുകൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് നീട്ടിവെച്ചത്. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾക്ക് ആകെ ലഭിച്ചത് ഒരു മാസത്തെ മാത്രം പഠനമാണ്. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.