കണ്ണൂരിൽ പുതിയ എഡിഎം ആയി പത്മ ചന്ദ്രക്കുറുപ്പ് ചുമതലയേറ്റു
|മുൻ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് പത്മ ചന്ദ്രക്കുറുപ്പ് പറഞ്ഞു
കണ്ണൂർ: കണ്ണൂരിൽ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മ ചന്ദ്രക്കുറുപ്പാണ് പുതിയ എഡിഎം. മുൻ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് പത്മ ചന്ദ്രക്കുറുപ്പ് പറഞ്ഞു. നിയമപരമായി മാത്രം കാര്യങ്ങൾ ചെയ്തിരുന്നയാളാണ് നവീൻ ബാബുവെന്നും പത്മ ചന്ദ്രക്കുറുപ്പ് വ്യക്തമാക്കി.
അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി.പി ദിവ്യ കോടതിയിൽ ജാമ്യഹരജി സമർപ്പിച്ചു എഡിഎമ്മിനെതിരായ ടി വി പ്രശാന്തന്റെ മൊഴി പൊലീസ് മറച്ചു വെച്ചതായി ഹരജിയിൽ ദിവ്യ ആരോപിച്ചു. എഡിഎമ്മിനെതിരായ ദിവ്യയുടെ നീക്കം കുറ്റവാസനയോടെ നടപ്പിലാക്കിയതാണെന്നുംപ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്നതാണെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതി മുമ്പാകെയാണ് പി പി ദിവ്യ ഇന്ന് ജാമ്യ ഹർജി സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നന്നാണ് ജാമ്യ ഹരജിയിൽ പി പി ദിവ്യയുടെ ആരോപണം. സംരംഭകനായ പ്രശാന്തന്റെ പരാതിയെ തുടർന്നാണ് എ ഡി എമ്മിനെതിരെ ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതേ ആരോപണം പോലീസിന് മുന്നിലും ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിലും പ്രശാന്ത് ആവർത്തിച്ചിട്ടുണ്ട്.