മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പുതിയ പരാതി
|മീ ടു ആരോപണത്തെത്തുടർന്ന് ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ട്
മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പുതിയ പരാതി. ആസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ടക്കാരി ആണ് പരാതി നൽകിയത്.പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതിയിൽ കേസ് എടുക്കും.ലൈംഗിക പീഡന പരാതിയെത്തുടർന്ന് കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അൻസാരി (37)ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വൈറ്റില ചളിക്കവട്ടത്തെ യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനമായ അനസ് അൻസാരി പാർലർ ഉടമയാണ് ഇയാൾ. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാരോപിച്ച് മൂന്ന് യുവതികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. മീ ടു ആരോപണത്തെത്തുടർന്ന് ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ട്.
വിവാഹ മേക്കപ്പിന് അനസിന്റെ സലൂണിൽ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി കുറിപ്പിട്ടതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണു യുവതികളുടെ പരാതി.
വിവാഹത്തിന്റെ ട്രയൽ മേക്കപ്പിന് പോയപ്പോൾ മോശമായി പെരുമാറിയെന്നും ഇതോടെ മേക്കപ്പ് നിർത്താൻ ആവശ്യപ്പെട്ട് ബുക്കിങ് ക്യാൻസൽ ചെയ്തെന്നുമാണ് മറ്റൊരു പെൺകുട്ടിയുടെ ആരോപണം. ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനസ് രാജ്യം വിട്ടെന്നു പൊലീസ് പറയുന്നു.