കലാപാഹ്വാനക്കുറ്റം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്
|കേരള സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ നൽകിയ സ്വീകരണത്തിൽ നടത്തിയ പ്രസംഗത്തിലാണു നടപടി.
കേരള സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചെന്നും പറയുന്നുണ്ട്. 12 പേർ പ്രതിപ്പട്ടികയിലുണ്ട്. കേസിൽ രണ്ടാം പ്രതിയാണ് രാഹുൽ. കണ്ടാലറിയുന്ന 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നേരത്തെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷം ബുധനാഴ്ചയാണു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ രാഹുലിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ വന്‍ സ്വീകരണമാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസന്, ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ഈ പരിപാടിയെച്ചൊല്ലിയാണ് പുതിയ കേസെടുത്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ അക്രമസംഭവങ്ങളിലെടുത്ത കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാഹുല്‍ ജയിലില്‍നിന്നു പുറത്തിറങ്ങുന്നത്. സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണം. 25,000 രൂപ കെട്ടിവയ്ക്കുകയും വേണം.
ജനുവരി ഒന്‍പതിന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 20നു നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു നടപടി. രാഹുൽ സ്ത്രീകളെ മുന്നിൽനിർത്തി അക്രമം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്.
Summary: A new case has been filed against Youth Congress Kerala state President Rahul Mamkootathil