ഇനി വാര്‍ഡാകെ അടച്ചിടില്ല; ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ മാറ്റം
|100 മീറ്ററിനുള്ളിൽ അഞ്ച് പേരിൽ കൂടുതൽ പോസിറ്റീവായാൽ ആ മേഖലയെ മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കും
സംസ്ഥാനത്ത് ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. 100 മീറ്ററിനുള്ളില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
ഒരു പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചാല്‍ ആ വാര്‍ഡ് പൂര്‍ണമായും അടച്ചിടുന്ന രീതി മാറ്റാനാണ് തീരുമാനം. രോഗബാധിതരുള്ള ഹൌസിംഗ് കോളനി, ഷോപ്പിംഗ് മാള്‍, വ്യവസായ സ്ഥാപനം, ഫ്ലാറ്റ്, മത്സ്യവിപണന കേന്ദ്രം ഇവയിലേതും മൈക്രോ കണ്ടെയ്ന്മെന്‍റ് സോണാക്കാം. 10 അംഗങ്ങളില്‍ കൂടുതലുള്ള കുടുംബത്തില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ആ കുടുംബത്തെ ക്ലസ്റ്ററാക്കും. ഒരു ദിവസം 100 മീറ്ററിനുള്ളില്‍ അഞ്ച് പോസിറ്റീവ് കേസ് വന്നാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ഡൌണാകും.
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവില്ല. പ്രതിദിന കേസുകളിലും ടിപിആറിലും കുറവ് വരാത്തത് ആശങ്കയാണ്. നിലവിലെ ഇളവുകൾ പൊതുജനങ്ങൾ കരുതലോടെ ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു.
ഓണാഘോഷം വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശിച്ചു. ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കണം. ഓണക്കാലത്ത് രാത്രികാല പരിശോധന കര്‍ശനമാക്കുമെന്നും ഡിജിപി അറിയിച്ചു.
ഇന്ന് 21,445 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 21,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,90,53,257 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി.