Kerala
New team to investigate Kodakara hawala case; Kochi DCP K Sudarshan in charge
Kerala

കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘം; കൊച്ചി ഡിസിപിക്ക് ചുമതല

Web Desk
|
13 Nov 2024 10:04 AM GMT

തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം വഹിക്കും

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം വഹിക്കും. പഴയ അന്വേഷണ സംഘത്തിലെ ഡിവൈഎസ്‍പി വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലുള്ളത്. രാജു തന്നെയാണു സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ.

കൊടകര കുഴൽപ്പണ ഇടപാടിന്റെ സമയത്ത് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണു സർക്കാർ തുരന്വേഷണത്തിനൊരുങ്ങുന്നത്. കേസിൽ പുനരന്വേഷണത്തിന് അനുമതി തേടി സർക്കാർ ഇരിങ്ങാലക്കുട കോടതിയിൽ ഹരജി നൽകിയിരുന്നു. പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിക്കും. തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തും.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് തൃശൂരിലെ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്ന സംഭവം നടന്നത്. അപകടത്തിൽ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്. പിന്നീട് മൂന്നരക്കോടി നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി. തൃശൂരിൽനിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്. പണം കർണാടകയിൽനിന്ന് എത്തിച്ചയാണെന്നും കണ്ടെത്തലുണ്ടായിരുന്നു.

ആറു ചാക്കുകളിലായി പണം എത്തിച്ചെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ധർമരാജ് എന്നയാളാണ് കർണാടകയിൽനിന്ന് പണം ബിജെപി ഓഫീസിൽ എത്തിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു ഇതെന്നും ഇടനിലക്കാരനായ ധർമരാജന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുധാകരനുമായി ബന്ധമുണ്ടെന്നുമെല്ലാം സതീഷ് വെളിപ്പെടുത്തിയിരുന്നു.

Summary: New team to investigate Kodakara hawala case; Kochi DCP K Sudarshan in charge

Similar Posts