വിമർശനങ്ങൾ തള്ളി സർക്കാർ; പുതിയ മദ്യനയം പ്രാബല്യത്തിൽ
|അഴിമതിക്ക് കളമൊരുക്കുന്നതാണ് പുതിയ മദ്യനയമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തിരുവനന്തപുരം: ഭരണപക്ഷത്തടക്കം എതിർപ്പുകൾ നിലനിൽക്കെ സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽവന്നു. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിക്ക് പിന്നാലെ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നയം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് കെസിബിസി മദ്യവിരുദ്ധസമിതിയും മുന്നറിയിപ്പ് നൽകിയിരുന്നു. അഴിമതിക്ക് കളമൊരുക്കുന്നതാണ് പുതിയ മദ്യനയമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
പുതിയ നയമനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കും. തിരക്കൊഴിവാക്കാൻ എന്ന പേരിൽ അടച്ചിട്ടിരുന്ന മദ്യഷാപ്പുകൾ പ്രീമിയം ഷാപ്പുകളായി തുറക്കും. ഐ.ടി, ടൂറിസം മേഖലകളിൽ ബാറുകൾ ഉൾപ്പെടെ ആരംഭിക്കും. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്റീനുകളിൽനിന്നുള്ള മദ്യത്തിന്റെ വിലയും വർധിക്കും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വർധന. ബാറുകളുടെയും വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്.
സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. മദ്യനിർമാണത്തിന്റെയും ഫീസിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ബ്രൂവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കാര്ഷികോല്പന്നങ്ങളില്നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാന് അനുമതി നല്‍കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരുകയും ചെയ്യും.