മലബാറിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ ധാരണ; അന്തിമ തീരുമാനം ഇന്ന്
|വിദ്യാഭ്യാസ വകുപ്പിന്റെ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും
തിരുവനന്തപുരം: മലബാറിലെ ജില്ലകളിൽ നൂറിലധികം പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ ധാരണ. മറ്റു ജില്ലകളിലെ ഇരുപതോളം ബാച്ചുകൾ മലബാറിലേക്ക് പുനക്രമീകരിക്കാനാണ് നീക്കം. വിദ്യാഭ്യാസ വകുപ്പിന്റെ ഇന്ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് മലബാര്‍ മേഖലയില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ ധാരണയായത്. 100 ബാച്ച് അനുവദിച്ചാല്‍ ഏകദേശം 5000 സീറ്റുകള്‍ പുതിയതായി ഉണ്ടാവും. സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ പുതിയതായി തത്കാലിക ബാച്ചുകള്‍ അനുവദിച്ച് പ്രശ്നപരിഹാരത്തിനാണ് നീക്കം.
ജൂണ്‍ 19ന് ഒന്നാം അലോട്ട്മെന്റ് വന്ന ശേഷമായിരിക്കും പുതിയ ബാച്ചുകള്‍ അനുവദിക്കുക. എസ്.എസ്.എല്‍.സി പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പഠന സൌകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുക്കുന്ന യോഗം ഇന്ന് നടക്കും. അതിനു ശേഷമായിരിക്കും അന്തിമ തീരുമാനം.