സിദ്ദിഖിനെതിരെ പൊലീസിന്റെ പുതിയ നീക്കം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
|മുകേഷിനെതിരായ കേസിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ പുതിയ നീക്കവുമായി പൊലീസ്. കേസിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി, മ്യൂസിയം പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ്.എച്ച്.ഒ, ഒരു വനിതാ എസ്ഐ എന്നിവർ സംഘത്തിലുണ്ട്. നടിയുടെ വിശദമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
സിദ്ദിഖിനു പിന്നാലെ മുകേഷിനെതിരായ കേസിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എസ്.പി പൂങ്കുഴലിയുടെ നേത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. ചേർത്തല ഡിവൈഎസ്പി കെ.വി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എല്ലാ കേസുകൾക്കും പ്രത്യേക സംഘം രൂപീകരിക്കാനും തീരുമാനമായി.
നടിയുടെ പരാതിയിൽ നിർണായക തെളിവുകൾ കണ്ടെത്തിയിരുന്നു. സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നു എന്നതിൻറെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകളുണ്ട്. സിദ്ദിഖിനെ കാണാൻ നടിയെത്തി. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചാണ് നടി മുറിയിലെത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് സിദ്ദിഖിന്റെ മുറിയുണ്ടായിരുന്നത്. ഇവിടെ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണു നടി മൊഴിനൽകിയത്.
സിനിമാ ചർച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടത്. സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷമാണ് നടി ഹോട്ടലിൽ എത്തിയത്. ഇവിടെവച്ചു പീഡിപ്പിക്കപ്പെട്ട വിവരം അന്നു മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.